ആലപ്പുഴ: പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷ പരാജയം. ശനിയാഴ്ച മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയ പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ മിക്കയിടത്തും കൂട്ടത്തോല്‍വിയായിരുന്നു. ‘എച്ച്’ എടുക്കുന്നത് വളരെ ബുദ്ധിമുട്ടെന്നാരോപിച്ച് പല സ്ഥലങ്ങളിലും ഡ്രൈവിങ് സ്‌കൂളുകള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. സംസ്ഥാനത്തെ 72 ആര്‍.ടി. ഓഫീസുകളില്‍ ചിലയിടത്ത് ശനിയാഴ്ച പരീക്ഷയില്ലായിരുന്നു. വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ടെസ്റ്റ് നടന്ന സ്ഥലങ്ങളിലെല്ലാം ജയിക്കാനായത്. ഇടുക്കി പീരുമേട്ടില്‍ ടെസ്റ്റിനെത്തിയ 14 പേരില്‍ വിജയിച്ചത് മൂന്നുപേര്‍ മാത്രം.
ശനിയാഴ്ച മുതല്‍ ഏഴ് പരിഷ്‌കാരങ്ങളാണ് നിലവില്‍വന്നത്. ഇതില്‍ കയറ്റത്തില്‍ വണ്ടിനിര്‍ത്തി ക്ലച്ച് പകുതിതാഴ്ത്തി ഓടിച്ചുകാണിക്കുന്നതിലാണ് ഭൂരിഭാഗം പേര്‍ക്കും പിഴച്ചത്. മിക്കവണ്ടികളും പിറകോട്ട് ഉരുണ്ടു. റിവേഴ്‌സ് എടുത്തപ്പോള്‍ തിരിഞ്ഞുനോക്കിയവരുടെ എണ്ണവും കൂടി. കമ്പിയുടെ നീളം കുറച്ചതിനാല്‍ മിക്കവര്‍ക്കും പഠിച്ചതുപോലെ ചെയ്യാനായില്ല.
തോറ്റുപോയവര്‍ക്ക് ഇനി 300 രൂപ അടച്ച് 14 ദിവസത്തിനുശേഷമേ അടുത്ത പരീക്ഷയില്‍ പങ്കെടുക്കാനാവൂ. കൂടാതെ നന്നായി പരിശീലനം നടത്താതെ വിജയിക്കില്ലെന്ന് മനസ്സിലാക്കി പരീക്ഷയില്‍നിന്ന് പിന്‍മാറിയവരുമുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പുതിയ പരിഷ്‌കാരത്തോട് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവിങ് സ്‌കൂളുകള്‍ക്കും വലിയ എതിര്‍പ്പാണ്.
എന്നാൽ പുതിയ ഡ്രൈവിങ് പരീക്ഷാസംവിധാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ പറഞ്ഞു. നന്നായി വാഹനം ഓടിക്കാനറിയാത്തതാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം. അപകടങ്ങള്‍ പൂര്‍ണമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഒരാഴ്ച പരിശീലിച്ചാല്‍ ഏതൊരാള്‍ക്കും ലളിതമായി ചെയ്യാവുന്നതാണിവയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments