തിരുവനന്തപുരം•തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച മുതല്‍ വീണ്ടും മുഴുവന്‍ സമയവും പ്രവര്‍ത്തനമാരംഭിച്ചു. റണ്‍വേയുടെ റീ-കാര്‍പ്പറ്റിംഗ്, ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായതോടെയാണ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത്.
3,373 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ റീ-കാര്‍പ്പറ്റിംഗ് ജോലികള്‍ 52.09 കോടി രൂപയ്ക്ക് എം.എസ് ഖുറാനാ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പൂര്‍ത്തിയാക്കിയത്.
റണ്‍വേയുടെ റീ-കാര്‍പ്പറ്റിംഗ് ജോലികള്‍ക്കായി ജനുവരി മുതല്‍ റണ്‍വേ പകല്‍ സമയം അടച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.15 വരെയാണ് റണ്‍വേ അടച്ചിരുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് പണി പൂര്‍ത്തിയക്കിയത്. ആദ്യ ഘട്ടത്തില്‍ ആള്‍-സെയിന്റ്സ് കോളേജ് ഭാഗത്തെ 672 മീറ്റര്‍ റണ്‍വേയുടെ പണി 2016 ഒക്ടോബറില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ വളക്കടവ് ഭാഗത്തെ 825 മീറ്ററിന്റെ ടാറിംഗ് ഡിസംബറോടെ പൂര്‍ത്തിയാക്കി.
ഒന്നും രണ്ടും ഘട്ടത്തില്‍ ശേഷിക്കുന്ന റണ്‍വേ ഉപയോഗിച്ചായിരുന്നു വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. മൂന്നാം ഘട്ടത്തില്‍ മധ്യഭാഗത്തെ 1,876 മീറ്റര്‍ റണ്‍വേയുടെ പണിയാണ് പൂര്‍ത്തിയാക്കിയത്. ഇതിനായാണ് പകല്‍ സമയം റണ്‍വേ അടച്ചിടേണ്ടി വന്നത്. ഇതുസംബന്ധിച്ച് ലോകമെമ്പാടുമുള്ള വൈമാനികര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നോട്ടീസ് നല്‍കിയിരുന്നു.
റണ്‍വേ റീ-കാര്‍പ്പറ്റിംഗ്, ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായതായും മുഴുവന്‍ സമയത്തേക്കും റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചതായും വിമാനത്താവളം ഡയറക്ടര്‍ ജോര്‍ജ് ജി തരകന്‍ പറഞ്ഞു. ഇന്‍ഡിഗോയും സ്പൈസ് ജെറ്റും റദ്ദാക്കിയിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേ, ഇന്‍ഡിഗോ തിരുവനന്തപുരം-ഷാര്‍ജ സര്‍വീസും, സ്പൈസ് ജെറ്റ് തിരുവനന്തപുരം-ഡല്‍ഹി, തിരുവനന്തപുരം-ചെന്നൈ സര്‍വീസും ഉടനെ ആരംഭിക്കും.
Post Your Comments