കഴക്കൂട്ടം: സംസ്ഥാനത്തെ ഏറ്റവും വലിയ ഐ.ടി കാമ്പസായ കഴക്കൂട്ടത്തെ ടെക്ക്‌നോപാര്‍ക്കിനെ കുറിച്ച് പരാതി പ്രവാഹം.
സ്ത്രീസുരക്ഷ മുന്നില്‍ കണ്ട് അടുത്തിടെ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ വനിതാ സെല്ലില്‍ കമ്പനികള്‍ക്കെതിരേ പരാതി പ്രളയം. ലക്ഷങ്ങള്‍ മുടക്കി എന്‍ജിനിയറിംഗ് കഴിഞ്ഞുവരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാവും പകലും കിട്ടുന്നത് അയ്യായിരം രൂപ മാത്രം. പാര്‍ക്കിനകത്തും പുറത്തും വനിതാ ടെക്കികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാനായി വനിതാ പരാതി പരിഹാര സെല്‍ ടെക്‌നോ പാര്‍ക്കിന്റെ പ്രാധാന കവാടത്തിനോട് ചേര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പാണു പ്രവര്‍ത്തനം തുടങ്ങിയത്.
ശമ്പളം കൃത്യമായി കിട്ടുന്നില്ലെന്നും ശമ്പളം ചോദിക്കുമ്പോള്‍ പിരിച്ചുവിടല്‍ ഭീഷണിയാണെന്നും അര്‍ഹമായ പ്രമോഷന്‍ ലഭിക്കുന്നില്ലെന്നുമാണ് ഭൂരിഭാഗം പരാതികളും. നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുള്ളതും രാജ്യത്ത് ഏറ്റവും കൂടുതല്‍ അടിസ്ഥാനസൗകര്യമുള്ള കാമ്പസാണ് ടെക്‌നോ പാര്‍ക്ക്.
20 വര്‍ഷം പിന്നിട്ട ഈ ഐടി കാംപസില്‍ ചെറുതും വലുതുമായ 350 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 60,000 പേര്‍ ജോലി എടുക്കുന്നുണ്ടെന്നുമാണു കണക്കുകള്‍. 5000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വേതനം വാങ്ങുന്നവരാണ് ഇവിടെയുള്ളത്. സ്വദേശത്തും വിദേശത്തുമുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഓരോ മാസവും കോടിക്കണക്കിനു രൂപയുടെ പ്രൊജക്റ്റുകളാണ് ടെക്‌നോ പാര്‍ക്കില്‍ ചെയ്തു വരുന്നത്. എന്നാല്‍ കമ്പനികള്‍ കൊടുംലാഭം കൊയ്യുന്നതല്ലാതെ ജീവനക്കാര്‍ക്ക് അതിന്റെ യാതൊരു നേട്ടവും ലഭിക്കുന്നില്ലെന്നാണു പരാതി.
മിക്ക ക്ലീനിങ് സ്റ്റാഫിനും 8000 രൂപ വരെ ശമ്പളം ലഭിക്കുന്നു. എന്നാല്‍ എന്‍ജിനീയറിങ് കഴിഞ്ഞ് 5000 രൂപ ശമ്പളത്തില്‍ പോലും പണിയെടുക്കുന്ന നിരവധി ടെക്കികളുണ്ട്. രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ മണിക്കൂറുകളോളം പണിയെടുപ്പിച്ച് ചൂഷണം ചെയ്യുന്ന കമ്പനികളും നിരവധിയാണ്. ഇതിനെതിരേയാണ് കമ്പനികള്‍ക്കെതിരേ പരാതികളും പ്രതിഷേധങ്ങളുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
എന്‍ജിനീയറിങ് കഴിഞ്ഞ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന പ്രൊഫഷനലുകളില്‍ നിന്നു പതിനായിരങ്ങള്‍ കൈപ്പറ്റി പരിശീലനം എന്ന് പറഞ്ഞ് തൊഴില്‍ മാനദണ്ഡങ്ങളൊക്കെ ലംഘിച്ച് പണിയെടുപ്പിക്കുന്ന കമ്പനികളും ഇവിടെ കുറവല്ല. ഒരു വര്‍ഷം വരെ നീളുന്ന പരീശീലനത്തിനു ശേഷം 5000-6000 രൂപ സ്‌കെയിലില്‍ ശമ്പളത്തില്‍ ഇവരെ നിയമിക്കും.
ഇവര്‍ പിരിഞ്ഞുപോവുന്നതോടെ ഈ കമ്പനികള്‍ അടുത്ത സംഘത്തെ റിക്രൂട്ട് ചെയ്ത് ഇവിടെ എത്തിക്കുകയാണു പതിവ്. ഇപ്പോള്‍ പ്രമുഖ കമ്പനികള്‍ ടെക്കികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു എന്നുള്ള വാര്‍ത്തയും വരുന്നുണ്ട്. ഇവരില്‍ പത്തും പതിനഞ്ചും ഇരുപതും വര്‍ഷമായി ജോലി നോക്കുന്നവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുമായി അധികാരികളെ സമീപിച്ചാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തമായ മറുപടി പോലും ലഭിക്കില്ലെന്നും പരാതിയുണ്ട്.
Post Your Comments