ന്യൂഡല്‍ഹി : സാമ്പത്തിക മേഖലയില്‍ സമൂല പരിഷ്‌കാരങ്ങളുമായി പുത്തന്‍ സാമ്പത്തിക വര്‍ഷം. രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് ഇന്ന് മുതല്‍ പിഴ നല്‍കണം. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ എസ്ബിഐയും പിഴ ഈടാക്കും. എസ്ബിഐയില്‍ ലയിച്ച എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണം.
സാധാരണക്കാരന് സാമ്പത്തിക ബാധ്യത നല്‍കുന്ന തീരുമാനങ്ങളുമായാണ് പുത്തന്‍ സാമ്പത്തിക വര്‍ഷം എത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഒരു വസ്തു വാങ്ങുമ്പോള്‍ രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി നല്‍കിയാല്‍ തുല്യ തുക പിഴയായി ഈടാക്കും. സ്വര്‍ണം വിറ്റാല്‍ പതിനായിരം രൂപയും പണയം വച്ചാല്‍ 20,000 രൂപയുമാണ് പരമാവധി പണമായി ലഭിക്കുക.
ബാക്കി തുക ചെക്കായി ലഭിക്കും.
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണമെന്ന എസ്ബിഐ ഉത്തരവും നിലവില്‍ വന്നു. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും നഗരങ്ങളില്‍ മൂവായിരം രൂപയും മെട്രോ നഗരങ്ങളില്‍ അയ്യായിരം രൂപയുമാണ് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ്. ഇത്രയും തുക അക്കൗണ്ടിലില്ലെങ്കില്‍ 50 മുതല്‍ നൂറ് രൂപ വരെ പിഴ ഈടാക്കും. അക്കൗണ്ടില്‍ മൂന്ന് തവണയില്‍ കൂടുതല്‍ പണമടച്ചാലോ നാല് തവണയില്‍ കൂടുതല്‍ പണമെടുത്താലും പിഴ നല്‍കണം. പരിധിയില്‍ കൂടുതല്‍ എടിഎം ഇടപാട് നടത്തിയാല്‍ സര്‍വീസ് ഈടാക്കുന്നതിന് പുറമേയാണ് എസ്.ബി.ഐയുടെ പുതിയ നിയന്ത്രണങ്ങള്‍.
ലയനം പൂര്‍ത്തിയായതോടെ എസ്ബിഐയില്‍ എത്തിയ ലക്ഷക്കണക്കിന് എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണം. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക 20 ശതമാനം വര്‍ദ്ധിപ്പിച്ച ഉത്തരവും നിലവില്‍ വന്നു.
Post Your Comments