ലണ്ടന്‍•യമനില്‍ ഹൂതികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന അറബ് സൈനിക സഖ്യത്തിന്റെ വക്താവും സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഉപദേഷ്ടാവുമായ മേജര്‍ ജനറൽ അഹമ്മദ് അൽ അസീരിക്ക് നേരെ ലണ്ടനിൽ കയ്യേറ്റ ശ്രമം. യമനില്‍ സൗദി യുദ്ധ കുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് യുദ്ധ-വിരുദ്ധ പ്രതിഷേധക്കാരില്‍ ഒരാള്‍ മേജര്‍ ജനറലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ ബോഡി ഗാര്‍ഡുകള്‍ സാം വാല്‍ഡ്രോന്‍ എന്ന പ്രവര്‍ത്തകനെ തള്ളിമാറ്റുകയായിരുന്നു.
‘യെമന് കീഴടങ്ങുക’ എന്ന മുദ്രാവാക്യവുമായി ജനറലിന്റെ കാര്‍ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധക്കാരെ അസീരി മധ്യവിരല്‍ ഉയര്‍ത്തി കാണിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്നതിനായാണ് അസീരി ലണ്ടനില്‍ എത്തിയത്.
പ്രദേശം സുരക്ഷിതമാക്കുകയും ബ്രിട്ടണിലെ സൗദി അംബാസഡറും മേജര്‍ ജനറല്‍ അഹ്മദ് അസീരിയും സുരക്ഷിതരായി സ്ഥലം വിടുന്നത് ഉറപ്പു വരുത്തുകയും ചെയ്ത ബ്രിട്ടീഷ് പോലീസിന് സൗദി എംബസി നന്ദി പറഞ്ഞു. ബ്രിട്ടനില്‍ മേജര്‍ ജനറല്‍ അഹ്മദ് അസീരിയുടെ പരിപാടികള്‍ മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും സൗദി എംബസി അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി യെമനില്‍ നടക്കുന്ന പോരാട്ടത്തില്‍ ഏകദേശം 7,600 ഓളം പേര്‍ മരിച്ചതായാണ് കണക്ക്. ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ട്.
Post Your Comments