തിരുവനന്തപുരം: ഏഴു പതിറ്റാണ്ട് മലയാളിയുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്ന് വിടപറയുന്നു. എസ്.ബി.ഐ.യില്‍ ലയിച്ചെങ്കിലും എസ്.ബി.ടി. തത്കാലം ശാഖകളൊന്നും പൂട്ടില്ല. ഇടപാടുകാരുടെ അക്കൗണ്ട് നമ്പരോ പാസ് ബുക്കോ മാറില്ല. നിലവിലുള്ള പാസ്ബുക്കും ചെക്ക് ബുക്കും ജൂൺ വരെ ഉപയോഗിക്കാമെന്നാണ് റിപ്പോർട്ട്. എസ്.ബി.ഐ.യുടെയും ലയിക്കുന്ന ബാങ്കുകളുടെയും അക്കൗണ്ട്, ഇടപാട് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുന്നത്(ഡാറ്റാ ലയനം) ഏപ്രിൽ 23-നേ പൂർത്തിയാവുകയുള്ളു .
ഒരേസ്ഥലത്ത് രണ്ട് ശാഖകള്‍ വരുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനായി അടുത്തടുത്തുള്ള ശാഖകളുടെ സ്ഥലപ്പേരിൽ അൽപ്പം മാറ്റം വരുത്തി നിലനിർത്തും. ലയനത്തിനുശേഷം എസ്.ബി.ടി അക്കൗണ്ടുള്ളവരും ഇന്റര്‍നെറ്റ് ബാങ്കിങ്ങിനായി www.onlinesbi.com എന്ന സൈറ്റിലാണ് പ്രവേശിക്കേണ്ടത്. എല്ലാ ശാഖകളിലും ശനിയാഴ്ചയോടെ എസ്.ബി.ഐ.യുടെ ബോര്‍ഡുകള്‍ വെയ്ക്കും.ഇപ്പോൾ എസ്.ബി.ടിക്ക് കേരളത്തിൽ 888 ശാഖകളുണ്ട്. എസ്.ബി.ഐ.ക്ക് 483-ഉം. ലയനത്തോടെ ഏതാണ്ട് 1400-ഓളം ശാഖകളുള്ള വിപുലമായ ശൃംഖലയായിരിക്കും കേരളത്തില്‍ ഇനി എസ്.ബി.ഐ.ക്കുണ്ടാവുക.
ഇന്ത്യയിലാകട്ടെ എസ്ബിഐ 32,18,498 കോടി രൂപയുടെ ബാങ്ക് എന്ന നിലയിലേക്കാണ് ഉയരുന്നത്. ശാഖകളുടെ എണ്ണം 23,889ൽ എത്തും. ജീവനക്കാരുടെ എണ്ണം 2,71,765 ഉം ആയി ഉയരും. ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിലേക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കടക്കുകയാണ്. കാനഡയിലെ ബാങ്ക് ഓഫ് മോൺട്രിയോൾ, ഡെന്മാർകിലെ ഡാൻസ്കെ ബാങ്ക്, ജപ്പാനിലെ സുമിട്ടോമോ മിത്സൂയി എന്നിവയ്ക്കൊപ്പം എത്തുന്ന എസ്ബിഐക്ക് പട്ടികയിൽ 45 ആം സ്ഥാനമാണെന്നാണ് സൂചന.
Post Your Comments