![](/wp-content/uploads/2017/03/counter-saseendran-pod.jpg.image_.784.410.jpg)
കോഴിക്കോട്: മന്ത്രിക്കസേരയിലേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രൻ എം.എൽ.എ. എൻസിപി എംഎൽഎ തോമസ് ചാണ്ടി തനിക്കു പകരം മന്ത്രിസ്ഥാനത്തേക്ക് വരട്ടേയെന്ന് അദ്ദേഹം പറഞ്ഞു. താൻ തിരികെ മന്ത്രിയാകാനുള്ള ചർച്ചയ്ക്ക് മുൻകൈയെടുക്കില്ല. മന്ത്രിസ്ഥാനം വലുതാണെന്നാണ് കരുതുന്നില്ല. മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും തെറ്റ് പറ്റും. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. ഇതാണ് താൻ ചെയ്തതെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
രാജിവയ്ക്കാനുള്ള തീരുമാനം ശരിയായിരുന്നു.താൻ രാഷ്ട്രീയ ധാർമികതയ്ക്കാണ് പ്രധാന്യം നൽകിയത്. മന്ത്രിമാരെ സംരക്ഷിക്കലല്ല, മറിച്ച് രാഷ്ട്രീയം സംരക്ഷിക്കലാണ് എൽഡിഎഫ് നയം. അധികാരത്തിൽ കടിച്ചു തൂങ്ങാതിരുന്നത് നന്നായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇങ്ങനെയാണോ മാധ്യമപ്രവർത്തന രംഗത്ത് വേണ്ടതെന്ന് പൊതുസമൂഹവും മാധ്യമപ്രവർത്തകരും ചർച്ചചെയ്യണം. വാർത്തകളുമായി ബന്ധപ്പെട്ട് ഇത്രയും വിശദമായ ചർച്ച അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സന്തോഷമുണ്ട്. പരിചയപ്പെടുന്നവരുമായി പരിധിയില്ലാത്ത സ്വാതന്ത്രം സൂക്ഷിക്കാറുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് എല്ലാ സ്വാതന്ത്ര്യത്തോടുമാണ് പെരുമാറാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണ്ടെന്ന സൂചനയും ശശീന്ദ്രൻ നൽകി. ഒരേ വിഷയത്തിൽ രണ്ട് അന്വേഷണം വേണോയെന്ന് പരിശോധിക്കണം. പോലീസ് അന്വേഷണം തുടരട്ടെയെന്നും ശശീന്ദ്രൻ വ്യക്തമാക്കി. മന്ത്രിയുടെ രാജിയിലേക്ക് നയിച്ച പെൺകെണിയുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെയും മുൻ ജില്ലാ ജഡ്ജി പി.എസ്.ആന്റണിയെ ജുഡീഷ്യൽ കമ്മീഷനായും നിയമിച്ചിരുന്നു.
ഇന്നലെ സ്വകാര്യ ചാനല്‍ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ ബോധപൂർവം കുടുക്കിയതെന്ന് സമ്മതിച്ച് രംഗത്തെത്തിയിരുന്നു. മന്ത്രിയെ ടെലിഫോണിൽ വിളിച്ചത് വീട്ടമ്മയല്ല, ചാനല്‍ ലേഖിക തന്നെയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സിഇഒ നേരിട്ട് സന്ദേശം നല്‍കി. നടന്നത് സ്റ്റിങ് ഒാപ്പറേഷനാണെന്നും വിശദീകരിച്ചിരുന്നു.
Post Your Comments