ദുബായി: യുഎഇയിലാകമാനം വിറ്റഴിക്കപ്പെട്ട വിവിധ മോഡലുകളിലുള്ള ടൊയോട്ടാ കാറുകള്‍ക്ക് തകരാര്‍ ഉണ്ടാകാന്‍ സാധ്യത. ഇതിനാല്‍ യുഎഇയിലെ ടൊയോട്ടാ ഡീലര്‍മാരായ അല്‍ ഫുട്ടൈം മോട്ടേഴ്‌സ്, കാറുകള്‍ തിരിച്ചുവിളിച്ച് സ്‌പെഷല്‍ കാമ്പയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.
ഇത്തരത്തില്‍ 39,294 കാറുകളാണ് തകരാര്‍ പരിഹരിക്കാനായി വിളിക്കുന്നത്. എയര്‍ബാഗ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് അല്‍ ഫുട്ടൈം മോട്ടേഴ്‌സ് അറിയിച്ചു. 2010 മുതല്‍ 2013 വരെ വിറ്റഴിക്കപ്പെട്ട കോറോള, 2012 ല്‍ വിറ്റ യാരിസ്, 2011 മുതല്‍ 2013 വരെ വിറ്റഴിച്ച അല്‍ഫാര്‍ഡ് എന്നീ മോഡലുകള്‍ തിരിച്ചുവിളിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.
ജപ്പാനിലും ചൈനയിലും യൂറോപ്പിലും മറ്റ് വിവിധ രാജ്യങ്ങളിലുമായി വിറ്റഴിക്കപ്പെട്ട 2.9 ദശലക്ഷം കാറുകളിലെ എയര്‍ബാഗ് സംവിധാനത്തിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇത്രയും കാറുകള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി ടൊയോട്ടാ മോട്ടേഴ്‌സ് കോര്‍പറേഷന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യുഎഇയിലെ ഡീലര്‍മാരുടെ അറിയിപ്പ് പുറത്തുവന്നത്. കോറോള ആക്‌സിസ് സെഡാന്‍, ആര്‍എവി4 എസ്.യു.വി തുടങ്ങിയ കാറുകള്‍ക്ക് തകരാറുണ്ടെന്നാണ് ടൊയോട്ടാ മോട്ടേഴ്‌സ് അറിയിച്ചത്.
തകരാറുള്ള വാഹനമോഡലുകളുടെ ഉടമകളെ വിവരമറിയിച്ചു തുടങ്ങിയതായും ഇതിനുള്ള ബുക്കിംഗ് ആരംഭിച്ചതായും അല്‍ ഫുട്ടൈം മോട്ടേഴ്‌സ് അറിയിച്ചു.
Post Your Comments