ചെന്നൈ : തമിഴ്നാട്ടിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ 22 ലക്ഷം മോഷണം പോയി. ഒടുവില്‍ കള്ളന് കപ്പലില്‍ തന്നെയെന്ന് തെളിഞ്ഞു ക്യാഷര്‍ തന്നെയായിരുന്നു പണം കവര്‍ന്നത്. പിന്നീട് മോഷണമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖയില്‍ നിന്നാണ് പണം പോയത്. ക്യാഷര്‍ സി.നാഗരാജ് (31) തന്നെയാണ് വെട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയത്. ചെന്നൈ ശാഖയില്‍ നിന്ന് പത്തു മാസം മുന്‍പാണ് ഇയാള്‍ വെല്ലൂരില്‍ എത്തിയത്.
ചൊവ്വാഴ്ച മൂന്നാമത്തെ ഷിഫ്ടില്‍ ജോലിക്ക് കയറിയ നാഗരാജ് രാത്രി 12. 30 ഓടെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് മോഷണം നടന്നതായി അറിയിക്കുകയാിരുന്നു. ബാങ്കിന്റെ വെന്റിലേറ്ററിന്റെ അഴിമുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ 22 ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു പരാതി. ലോക്കറിലുണ്ടായിരുന്ന 24 ലക്ഷം രൂപയില്‍ 22 ലക്ഷം മോഷണം പോയിരുന്നു. ലോക്കര്‍ മുറിയിലെ തറയില്‍ 500, 2000 രൂപ നോട്ടുകള്‍ ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു.
എന്നാല്‍ ബാങ്കിലെ സിസിടിവികള്‍ പരിശോധിച്ച പോലീസിന് പുറമേ നിന്ന് ആരും ബാങ്കിനുള്ളില്‍ കടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരെ ചോദാ്യം ചെയ്യുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് നാഗരാജ് പിടിയിലായത്. ഇതോടെ കുറ്റം സമ്മതിച്ച നാഗരാജ് പണം താന്‍ മറ്റൊരിടത്തേക്ക് മാറ്റിയതായി അറിയിച്ചു. ഇയാള്‍ പറഞ്ഞതനുസരിച്ച് പോലീസ് പരിശോധനയില്‍ 2000ന്റെ ഒന്‍പത് കെട്ടുകളും 500ന്ന്റെ എട്ട് കെട്ടുകളും കണ്ടെടുത്തു.
Post Your Comments