ഇപ്പോൾ സെൽഫിയുടെ കാലമാണ്. ഊണിലും ഉറക്കത്തിലും നമ്മുടെ സന്തത സഹചാരിയായി സെൽഫി ഉണ്ടാകും. മൂക്കിലും മൂലയിലും സെൽഫികളുള്ള ഈ കാലത്ത് സെൽഫികളിൽ പുതുമ ഉണ്ടാകാൻ പലരും ശ്രമിക്കാറുണ്ട്. പുതുമയുള്ളതും വ്യത്യസ്തയുള്ളതുമായ സെൽഫികൾ എടുക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
സൗന്ദര്യം അൽപം കുറഞ്ഞാലും സെൽഫി നന്നാക്കാം എന്നതാണു സത്യം. അതുകൊണ്ടാണ് സെൽഫികൾ പ്രിയങ്കരമായത്. ഇതിനു വേണ്ടത് സ്വന്തം മുഖത്തിനു യോജിച്ച ആംഗിൾ കണ്ടെത്തുകയാണ്. ഇടത്തോ വലത്തോ ചരിഞ്ഞോ കിടന്നോ ഒക്കെ സെൽഫിയെടുത്തു പരീക്ഷിക്കുക. ഒടുവിൽ നിങ്ങളെ സുന്ദരനും സുന്ദരിയുമാക്കുന്ന ആ ആംഗിൾ നിങ്ങൾ കണ്ടെത്തും. മാത്രമല്ല കഴിവതും മുഖത്തിനു തൊട്ടുമുന്നിൽ ക്യാമറവച്ച് സെൽഫി എടുകാത്തിരിക്കുക.
ഓരോ സെൽഫിയിലും പുതുമ ഉറപ്പാക്കണം. പുതിയ ഹെയർ സ്റ്റൈലും പുത്തൻ കമ്മലുമൊക്കെ നാട്ടുകാർ കാണട്ടെ. രാവിലെയും ഉച്ചയ്ക്കും രാത്രിയും സെൽഫി പോസ്റ്റ് ചെയ്ത് ആളുകളെ വെറുപ്പിക്കരുത്. പുതിയതായി എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം മതി സെൽഫി. സെൽഫിക്കു വേണ്ടി ബ്യൂട്ടി പാർലറിൽ പോയി ഒരുങ്ങുകയൊന്നും വേണ്ട. എങ്കിലും മോശം പറയിപ്പിക്കരുത്. മുഖത്ത് കെള്ളാവുന്ന എന്തെങ്കിലും ഉണ്ടാവുമല്ലോ. അത് ഹൈലൈറ്റ് ചെയ്യണം. മീശയോ താടിയോ കണ്ണോ നുണക്കുഴിയോ അങ്ങനെ കൊള്ളാമെന്നു നമുക്ക് തോന്നുന്നതാവണം ഹൈലൈറ്റ്. പല്ല് മുപ്പത്തിരണ്ടും കാണിച്ചു ചിരിക്കണമെന്നില്ല, എങ്കിലും പുഞ്ചിരിയെങ്കിലും വേണം. ചിരിക്കുന്ന മുഖം കാണുന്നവർക്കും സന്തോഷമാണ്. ചിരിക്കില്ലെന്നു വാശിയുള്ളവരാണെങ്കിൽ അധികം ബലംപിടിക്കാതിരുന്നാലും മതി.
പുത്തനുടുപ്പുമിട്ട് സൂപ്പർ സെൽഫിയെടുക്കുമ്പോൾ ചുറ്റുമൊരു കണ്ണു വേണം. ക്യാമറക്കണ്ണിൽ പരിസരത്തെ ചവറുകൂനയെന്നും പെടരുത്, നാണക്കേടാവും. ബാക്ക്ഗ്രൗണ്ടിന്റെ സൗന്ദര്യവും ഉറപ്പാക്കണം. മുഖത്തിന്റെ സെൽഫികളിൽ പ്ലെയിൻ ബാക്ക്ഗ്രൗണ്ടാണ് കൂടുതൽ യോജിക്കുക. സെൽഫി എടുക്കുമ്പോൾ ആവശ്യത്തിനു വെളിച്ചം ഉറപ്പാക്കണം. ഇരുട്ടുമുറിയിൽ കയറി സെൽഫിയെടുത്തിട്ട് ക്യാമറയെ കുറ്റം പറയരുത്. ഔട്ട് ഡോറിലാണെങ്കിൽ വെളിച്ചം കുറയുമെന്ന പേടി വേണ്ട. വെളിച്ചം മുന്നിൽനിന്നു വരുന്ന രീതിയിൽ ക്രമീകരിക്കണം. പിന്നിൽനിന്നു വീഴുന്ന വെളിച്ചം സെൽഫിയുടെ ഭംഗി കെടുത്തും. എന്നിട്ടും പോരാ എന്നാണെങ്കിൽ ഇനിയും മാർഗമുണ്ട്. ചില ആപ്പുകൾ രംഗത്തുണ്ട്. മുഖം ആപ്പിനെ ഏൽപ്പിച്ചാൽ മതി. വെളിച്ചവും മുഖത്തെ കോട്ടവും ആപ് ശരിയാക്കിക്കൊള്ളും; യഥാർഥ ചിത്രം വികൃതമാക്കാതെ തന്നെ. വയസ്സ്, ചർമത്തിന്റെ നിറം, സ്ത്രീയോ പുരുഷനോ എന്നിവയെല്ലാം കണക്കിലെടുത്താണ് ആപ് ചിത്രം മോടിപിടിപ്പിക്കുന്നത്.
Post Your Comments