പുരുലിയ ; തന്‍റെ വിവാഹം തടയുന്നതിന് പരാതി നല്കാൻ പ്രായപൂര്‍ത്തിയാകാത്ത ബാലിക നടന്നത് 12 കിലോമീറ്റര്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നമിത മഹാതോയാണ് തന്‍റെ വിവാഹം തടയാനായി ചൊവ്വാഴ്ച പോലീസിനെ സമീപിച്ചത്. വിവാഹം കഴിക്കുന്നതിനുള്ള സമ്മര്‍ദ്ദം വീട്ടുകാരില്‍ നിന്ന് ശക്തമായതോടെയാണ് പുലുരിയ ഗ്രാമത്തില്‍ നിന്നും പുഞ്ച പോലീസ് സ്റ്റേഷന്‍ വരെ ബാലികയ്ക്ക് നടക്കേണ്ടി വന്നത്.
നിര്‍ഭയ്പുരിലെ ഗോപാല്‍നഗര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നമിത. തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ഒന്നര മാസമായി നമിത മാതാപിതാക്കളോട് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇത് നിരസിച്ച് നമിതയുടെ വിവാഹം ഉറപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച വരന്റെ വീട്ടുകാര്‍ വിവാഹ നിശ്ചയത്തിന് എത്തിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ നമിത 12 കിലോമീറ്ററോളം നടന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. വാഹന സൗകര്യം ഇല്ലാത്ത നാട്ടില്‍ നമിതയ്ക്കു മുന്നില്‍ നടക്കാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല.
സ്‌റ്റേഷന്‍ ഓഫീസര്‍ക്കു മുമ്പാകെ തന്റെ സ്‌കൂള്‍ പ്രവേശന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ നമിത താന്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നും തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കണമെന്നും അപേക്ഷിച്ചു. നമിതയുടെ അച്ഛന്‍ ദിനേശിനേയും അമ്മ കാങ്ഷയേയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വിവാഹം നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തി. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി മാതാപിതാക്കള്‍ പോലീസിന് ഉറപ്പുനല്‍കി. അതോടൊപ്പം പ്രായപൂര്‍ത്തിയാകുന്നതുവരെ തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കില്ലെന്ന് പോലീസിന് മുമ്പാകെ വീട്ടുകാരെ കൊണ്ട് എഴുതിവയ്പ്പിക്കാനും നമിതയ്ക്ക് കഴിഞ്ഞു. നമിതയുടെ നടപടിയെ അഭിനന്ദിച്ച ബി.ഡി.ഒ അയോജ് സെന്‍ഗുപ്ത, തുടര്‍ പഠനത്തില്‍ ഒരു തടസ്സവും ഉണ്ടാകില്ലെന്നും കമ്പ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉറപ്പുനല്‍കി.
Post Your Comments