തിരുവനന്തപുരം: ഭൂമി കൈയറ്റവുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടി എം.എല്എക്കെതിരേ സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്. മൂന്നാറില്‍ ഭൂമാഫിയയ്ക്കെതിരേ നടപടി സ്വീകരിച്ച സബ്കളക്ടറുടെ കൈ അടിച്ചൊടിക്കുമെന്ന എസ്.രാജേന്ദ്രന് എം.എല്‍.എയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് എം.എല്‍.എ ഭൂമാഫിയയുടെ ആളാണെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് വ്യക്തമാക്കിയത്.
മൂന്നാറിലെ ഭൂകൈയേറ്റക്കാര്ക്കെതിരേ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഇതിനെതിരേ ദേവികുളം എംഎല്‍എയായ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ തന്നെ രംഗത്തുവരുകയും സബ്കളക്ടറെ മാറ്റണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയപ്പോഴാണ് സിപിഎം എം.എല്‍.എ രാജേന്ദ്രന് ഭൂമാഫിയയുടെ ആളാണെന്ന് വി.എസ് പറഞ്ഞത്. സബ്കളക്ടറുടെ കൈ തല്ലിയൊടിക്കുമെന്ന് പറഞ്ഞ എസ്.രാജന്ദ്രന് ഭൂമാഫിയയുടെ ആളാണോയെന്ന പത്രലേഖകരുടെ ചോദ്യത്തിന് സംശയമുണ്ടോയെന്നായിരുന്നു വി.എസിന്റെ മറുപടി. സബ്കളക്ടര്‍ സര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും താല്പര്യം സംരക്ഷിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസിന്റെ മൂന്നാര്‍ ദൗത്യ സംഘം പരാജയമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കും വി.എസ് മറുപടി നല്കി. മൂന്നാറില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒഴിപ്പിച്ച ഭൂമി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വീണ്ടും കൈയേറിയപ്പോള്‍ രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വി.എസ് ചോദിച്ചു.
എല്‍.ഡി.എഫ് ഭരണകാലത്ത് മൂന്നാറില്‍ അനധികൃതമായി കൈയേറി നിര്‍മിച്ച 92 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി. ടാറ്റ കൈയേറിയ ഏക്കര്‍ കണക്കിന് ഭൂമിയും പിടിച്ചെടുത്തു. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാറിെന്റ കാലത്ത് കൈയേറ്റം വ്യാപകമായി. മൂന്നാറിലെ എല്ലാ കൈയേറ്റത്തിെന്റയും ഒരു ഭാഗത്ത് ചെന്നിത്തലയുടെ പാര്‍ട്ടിയാണെന്നും വി.എസ് പറഞ്ഞു
Post Your Comments