പുരാതനമായ മണ്ണടി ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ കടമ്പനാട് പഞ്ചായത്തിലാണ്. ഇവിടെയുള്ളത് സ്വയംഭൂവിഗ്രഹമാണ്. വനമായിരുന്ന ഇവിടെ ആരോ കല്ലിൽ ഇരുമ്പുരച്ചപ്പോൾ ആ കല്ലിൽനിന്നും രക്തപ്രവാഹം വരികയും അന്നത്തെ ദേശാധിപതിയായിരുന്ന മംഗലത്തുപണിക്കർ അവിടെ എത്തുകയും മണ്ണുവാരി അടിപ്പിച്ച് കല്ലിലെ രക്തപ്രവാഹം നിർത്തുകയും ചെയ്തു. അങ്ങനെയാണ് ഇവിടെ മണ്ണടിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്.
രക്തപ്രവാഹം നിലച്ചതോടെ പണിക്കർ നിവേദ്യം തയ്യാറാക്കാൻ ശ്രമിച്ചു. അപ്പോൾ ഒരു ഊരാളി തുള്ളിക്കൊണ്ടെത്തിയിട്ട് പറഞ്ഞു, നിവേദ്യമൊന്നും വേണ്ട, പകരം അവൽ, മലർ, പഴം മുതലായവ മതിയെന്നും അരുൾപ്പാട് ഉണ്ടായി. മംഗലത്തു പണിക്കർ തന്നെ വേണം ദേവിക്ക് നിവേദ്യം സമർപ്പിക്കാനെന്നും, ബ്രാഹ്മണപൂജ വേണ്ടെന്നും പറഞ്ഞു. ഭക്തർ വിശ്വസിച്ചില്ല. പണിക്കരുടെ കുതന്ത്രമായി എല്ലാപേർക്കും തോന്നി. ഉടൻ തന്നെ ഊരാളി വിശ്വാസമായില്ലേ എന്ന് ചോദിച്ചുകൊണ്ട് ഓടിപ്പോയി 6, 7 കിലോമീറ്റർ ദൂരെയുള്ള കലഞ്ഞൂർ എന്ന സ്ഥലത്തെ ഒരു മലയുടെ മുകളിലുള്ള കൂട്ടപ്പാറയുടെ മുകളിലേക്കാണ് എത്തിച്ചേർന്നത്. ഇവിടെ പ്രവേശിക്കാൻ അമൃതസ്വരൂപികളായ മനുഷ്യർക്ക് അസാധ്യമാണ്, ഊരാളി നിരവധി പ്രാവശ്യം പാറയുടെ മുകളിൽ ചാടിക്കയറുകയും ഇറങ്ങുകയും ചെയ്തു. ഈ പാറയിപ്പോഴും ഇവിടെയുണ്ട്. പാറയുടെ മുകളില്‍ നിന്നിറങ്ങിയ ഊരാളി കാട്ടിൽനിന്നും 4, 5 കടുവാ കുട്ടികളെയും പിടിച്ചുകൊണ്ട് മണ്ണടിയിൽ ബിംബം കണ്ട സ്ഥലത്തെത്തി. ഇതുകണ്ട് ഊരാളിയെ എല്ലാപേർക്കും വിശ്വാസമായി. കടുവാക്കുട്ടികളെ വിട്ടയക്കുകയും ഊരാളിയുടെ കലിയടങ്ങുകയും ചെയ്തു.
ശ്രീകോവിലിന്റെ മുകൾഭാഗം തുറന്ന നിലയിലാണ് പണിതിരിക്കുന്നത്. ശ്രീകോവിലിൽ കിഴക്കുദർശനമായാണ് ശ്രീഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയുടെ അനുഗ്രഹത്തിൽ ആദ്യസന്താനഭാഗ്യം ലഭിച്ചത് നടത്തിപ്പുകാരനായ മംഗലത്തു പണിക്കർക്കാണ്. കായംകുളം രാജാവിന് ക്ഷയം സംഭവിച്ചതോടെ ക്ഷേത്രം മംഗലത്തു പണിക്കരുടെ കൈവശത്തായി. കായംകുളം രാജാവിന് സന്താനമില്ലായിരുന്നു. രാജാവും പത്നിയും ക്ഷേത്രത്തിൽ ഭജനമിരുന്ന് 21 ദിവസത്തെ ഭജനം കഴിഞ്ഞപ്പോള്‍ ഊരാളി ഉറഞ്ഞുതുള്ളി പറഞ്ഞു 3ദിവസം കഴിയുമ്പോൾ ഒരാൾ ഇവിടെ വരുമെന്നും അദ്ദേഹം പറയുംപോലെ ചെയ്യണമെന്നും അറിയിച്ചു. മൂന്നാം നാൾ ക്ഷേത്രത്തിന് തെക്കുവശത്തുള്ള ആറ്റിൽ മുങ്ങിക്കുളിച്ച് ഒരാൾ ക്ഷേത്രത്തിലെത്തുകയും, ക്ഷേത്രത്തിൽ ഉച്ചബലി നടത്തിയാല്‍ സന്താനഭാഗ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആ നിർദ്ദേശപ്രകാരം കായംകുളം രാജാവ് ഉച്ചബലി നടത്തുകയും മകൻ ജനിക്കുകയും ചെയ്തു.
അങ്ങനെ അദ്ദേഹത്തെ വെളിച്ചപ്പാടാക്കി. രാജാവ് കുഞ്ഞിനെ കൊണ്ടുവന്ന് ചോറൂണ് നടത്തുകയും, രത്നം പതിച്ച ഒരു പൊന്മുടി നടയ്ക്കുവയ്ക്കുകയും ചെയ്തു. പാണ്ഡിരാജാവ് സ്വർണ്ണം കൊണ്ടുള്ള വാളും, ചിലമ്പും ക്ഷേത്രത്തിൽ നടയ്ക്കുവച്ചു. വെളിച്ചപ്പാടിന്റെ കാലശേഷം വാളും ചിലമ്പും നദിയിൽ നിക്ഷേപിച്ചു. ആ സ്ഥലം ഇന്ന് പാറക്കടവ് എന്നറിയപ്പെടുന്നു. ഇവ മുങ്ങിയെടുക്കുന്നവർക്കു മാത്രമേ വെളിച്ചപ്പാടായിരിക്കാൻ യോഗ്യതയുള്ളു. കുറെ കാലങ്ങൾക്കുശേഷം ഒരു ചുമട് ഉപ്പുമായി ഒരാൾ വന്നു. മരത്തണലിൽ ഉപ്പിറക്കി വിശ്രമിക്കുകയും, കുറെ കഴിഞ്ഞപ്പോൾ ചാടി തുള്ളി അട്ടഹസിച്ച് പറഞ്ഞു ഞാൻ വെളിച്ചപ്പാടാണ്, അടുത്ത വെള്ളിയാഴ്ച കൂട്ടപ്പാറയുടെ സമീപം എല്ലാപേരും വരണം എന്നെ അവിടെ കാണാം. എന്നിട്ട് പാറക്കടവിൽ ചെന്ന് ആറ്റിലേക്ക് ചാടി. പറഞ്ഞതുപോലെ സംഭവിക്കുകയും ചിലമ്പും വാളുമായി ആ മനുഷ്യനുണ്ടാകുകയും അദ്ദേഹത്തെ വെളിച്ചപ്പാടായി സ്വീകരിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം വെളിച്ചപ്പാട് മരിച്ചു. ഒരു വെളിച്ചപ്പാട് മരിച്ചാൽ മറ്റൊരു വെളിച്ചപ്പാട് ഉണ്ടാകുന്നതുവരെ മരിച്ച വെളിച്ചപ്പാടിന്റെ ശവസംസ്കാരവും, ഉദകക്രിയകളും ചെയ്യാൻ പാടില്ലെന്നാണ് അവിടുത്തെ വിശ്വാസം.
Post Your Comments