NewsGulf

മാപ്പ് നല്‍കാന്‍ തയ്യാറായി പാകിസ്ഥാനി കുടുംബം : തൂക്കുകയറിന് മുന്നില്‍ നില്‍ക്കുന്ന പത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ

അബുദാബി•യു.എ.ഇയില്‍ പാക്കിസ്ഥാന്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് അല്‍-ഐന്‍ ജയിലില്‍ കഴിയുന്ന പത്ത് ഇന്ത്യന്‍ യുവാക്കള്‍ക്ക് വധശിക്ഷയില്‍ നിന്ന് രക്ഷപെടാനുള്ള വഴി തെളിയുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം ഇവര്‍ക്ക് മാപ്പുനല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെയാണിത്‌.

കൊല്ലപ്പെട്ട മൊഹമ്മദ്‌ ഫര്‍ഹാന്റെ പിതാവ് കഴിഞ്ഞദിവസം അല്‍-ഐന്‍ അപ്പീല്‍ കോടതിയില്‍ ഹാജരായി പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയതായി ഒരു മുതിര്‍ന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരു ഇന്ത്യന്‍ സന്നദ്ധസംഘടന പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ബ്ലഡ്‌ മണി കെട്ടിവച്ചിട്ടുണ്ട്. കേസ് വീണ്ടും ഏപ്രില്‍ 12 നാണ് പരിഗണിക്കുന്നത്. കോടതി വധശിക്ഷ റദ്ദാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബുദാബി ഇന്ത്യന്‍ എംബസിയിലെ കമ്മ്യൂണിറ്റി അഫയേഴ്സ് കൗണ്‍സിലര്‍ ദിനേശ് കുമാര്‍ പറഞ്ഞു.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വ്യാജമദ്യം വറ്റുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പഞ്ചാബില്‍ നിന്നുള്ള 11 യുവാക്കളായിരുന്നു പ്രതികള്‍. ഇതില്‍ ഒരാളെ കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

സര്‍ബാത് ദാ ഭല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ എസ്.പി.എസ് ഒബറോയിയാണ് പ്രതികള്‍ക്ക് വേണ്ടി ബ്ലഡ് മണി നല്‍കിയത്. “പണം നല്‍കുന്നത് എനിക്ക് വളരെ എളുപ്പമുള്ള കാര്യമാണ്. പക്ഷെ, പാകിസ്ഥാനി കുടുംബത്തെ കൊണ്ട് മാപ്പ് നല്‍കാന്‍ സമ്മതിപ്പിക്കുന്ന കാര്യം വളരെ പ്രയാസമായിരുന്നു”- ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ കൂടിയായ ഒബറോയി പറഞ്ഞു.

പാക്‌ കുടുംബവുമായി സംസാരിച്ച് മാപ്പിനുള്ള സമ്മതം നേടിയെടുക്കാന്‍ ഒബറോയി തന്റെ പാക്കിസ്ഥാന്‍ കാരനായ മാനേജരെ പെഷവാറിലേക്ക് അയയ്ക്കുകയായിരുന്നു. ഒടുവില്‍ പത്ത് ഇന്ത്യന്‍ കുടുംബങ്ങളെ സമാനമായ ദുരന്തത്തിലേക്ക് തള്ളിവിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ യുവാക്കള്‍ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അല്‍-ഐനില്‍ ഇവര്‍ പ്ലംബര്‍,ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, മേശന്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. എല്ലാവര്‍ക്കും 20 കളിലാണ് പ്രായം. വിസ ഏജന്റുമാര്‍ക്ക് വന്‍ തുക നല്‍കിയാണ്‌ ഇവര്‍ യു.എ.ഇയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button