അയോദ്ധ്യ സംബന്ധിച്ച പ്രശ്നങ്ങളിൽ അടുത്തിടെയായി ചില പരസ്യ പ്രസ്താവനകളും മറ്റും കാണുന്നത് സന്തോഷം പകരുന്ന കാര്യമല്ല. അയോദ്ധ്യ ശ്രീരാമചന്ദ്രന്റെ ജന്മഭുമിയാണ് എന്നതിൽ തർക്കമില്ല. അവിടെ മനോഹരമായ ഒരു ക്ഷേത്രം ഉയരണം എന്നതിലും ഒരാൾക്കും രണ്ടഭിപ്രായമില്ല. എന്നാൽ അതിന് ഇപ്പോൾ അനാവശ്യമായ തിടുക്കം കാണിക്കുന്ന പ്രവണത ഗുണകരമാവുമെന്ന് കരുതാനാവില്ല. പ്രശ്നത്തിൽ ഇടപെടാൻ ഏതെങ്കിലും വ്യക്തിക്കോ സംഘടനക്കോ സർക്കാരിന് തന്നെയോ കഴിയുന്ന അവസ്ഥയിലല്ല ഇന്നിപ്പോഴുള്ളത് എന്നത് കാണാതെ പൊയ്ക്കൂടാ. അലഹബാദ് ഹൈക്കോടതിയുടെ ഇക്കാര്യത്തിലെ വിധിയെ തുടർന്ന് പ്രശ്നം കഴിഞ്ഞ ആറ് വർഷമായി സുപ്രീം കോടതിയുടെ മുന്നിലാണ്. അലഹബാദ് ഹൈക്കോടതിവിധിക്കെതിരെ രണ്ടുകൂട്ടരും, അല്ലെങ്കിൽ ബന്ധപ്പെട്ട എല്ലാവരും അപ്പീൽ പോയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അലഹബാദ് ഹൈക്കോടതിവിധി സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്‌തു. അതാണ് നിലവിലെ അവസ്ഥ. അതൊക്കെ അറിയാത്തവരല്ല ഉടനെ ക്ഷേത്രം നിർമ്മിക്കണം തുടങ്ങിയ പരസ്യ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത്. വേണ്ടുന്നതിലധികം മന സംയമനം പുലർത്തേണ്ടുന്ന സമയമാണിത് എന്നുമാത്രമേ ഇത്തരം അഭിപ്രായക്കാരെ ഓർമ്മിപ്പിക്കാനുള്ളൂ.
അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ബിജെപി തീരുമാനമെടുത്തിട്ടുണ്ട് എന്നും അത് നടപ്പിലാക്കണം എന്നും മറ്റുമാണ് ഇപ്പോഴത്തെ പുതിയ പ്രസ്താവനകൾ. ബിജെപി 1986 മുതൽ അക്കാര്യത്തിൽ പിന്നാക്കം പോയിട്ടില്ല എന്നത് മറന്നുകൂടാ. ഓരോ തിരഞ്ഞെടുപ്പിലും ആ ഉറപ്പ് , വാഗ്ദാനം, അവർ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. അതിൽനിന്ന് ഒരിക്കലും ലവലേശം പിന്നാക്കം പോയിട്ടില്ല. പക്ഷെ എന്താണ് ബിജെപി 1986 -ൽ തീരുമാനിച്ചത് എന്നത് മറക്കരുത്. ഹിമാചൽ പ്രദേശിലെ പാലമ്പൂരിൽ നടന്ന ദേശീയ നിർവാഹക സമിതിയോഗമാണ് അയോദ്ധ്യ പ്രശ്നം ചർച്ചചെയ്തതും നിലപാട് സ്വീകരിച്ചതും. എന്റെ ഓർമ്മയിൽ ആ പ്രമേയത്തിലെ വാചകങ്ങൾ ഇന്നുമുണ്ട്. ഓർമ്മ ശരിയെങ്കിൽ അത് ഏതാണ്ട് ഇങ്ങനെയാണ്……… ” അയോദ്ധ്യ രാമജന്മഭൂമിയാണ് . അതാണ് കോടാനുകോടി ഹിന്ദുക്കളുടെ വിശ്വാസം. അക്കാര്യത്തിൽ തർക്കത്തിന് അടിസ്ഥാനമില്ല. അതുകൊണ്ട് ശ്രീരാമ ജന്മസ്ഥാന് ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൊണ്ട് പ്രശ്നം പരിഹരിക്കണം. ……. അവിടെ മനോഹരമായ ക്ഷേത്രം പുനർ നിർമ്മിക്കുന്നതിന് സഹായകരമായ നിലപാടുകൾ ബിജെപി സ്വീകരിക്കും …….”. വാക്കുകൾ മാറിയിരിക്കാം; എന്നാൽ എന്റെ ഓർമ്മയിൽ അതാണ് പാലമ്പൂരിന്റെ ആശയം. ക്ഷേത്രം നിർമ്മിക്കും എന്നല്ല ബിജെപി അന്നുമുതൽ പറയുന്നത് ; ക്ഷേത്ര പുനർ നിർമ്മാണത്തിന് സഹായകരമായ നിലപാടുകൾ സ്വീകരിക്കും എന്നതാണ്. ഇവിടെ ഒന്നുരണ്ടു കാര്യങ്ങൾ കൂടിയുണ്ട്. ഒന്ന് : ‘ക്ഷേത്രം പുനർ നിർമ്മിക്കും’ എന്നത് തന്നെ. പുനർ നിർമ്മാണമാണ് ഉദ്ദേശിക്കുന്നത്. കാരണം ഇപ്പോൾ തന്നെ, അവിടെ ഒരു ക്ഷേത്രം നിലവിലുണ്ട്. രാമലാലയുടെ വിഗ്രഹം അവിടെയുണ്ട്. ആ ക്ഷേത്രത്തിൽ നിത്യ പൂജ നടക്കുന്നുണ്ട്. പൂജാരിയെ നിയമിച്ചത് സർക്കാരാണ്. ക്ഷേത്രത്തിൽ തൊഴാൻ ലക്ഷങ്ങൾ ഇന്നിപ്പോഴും അയോധ്യയിൽ എത്തുന്നുണ്ട്. അതായത് രാമക്ഷേത്രം ഇന്നുണ്ട് ; അത് മനോഹരമായി പുനർ നിർമ്മിക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. മറ്റൊന്ന് , ‘ക്ഷേത്ര പുനർ നിർമ്മാണത്തിന് സഹായകരമായ നിലപാടുകൾ സ്വീകരിക്കും’ എന്നതാണ് ബിജെപി നിലപാട്. ക്ഷേത്ര നിർമ്മാണം രാഷ്ട്രീയ കക്ഷിയായ ബിജെപിയുടെ നിലപാടല്ല, അത് നിർവഹിക്കേണ്ടത് ബിജെപിയല്ല, വേറെ സംഘടനയാണ്. അത് അവരുടെ ഉത്തരവാദിത്വമാണ്. ക്ഷേത്ര നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുൻപേതന്നെ ഒരു ട്രസ്റ്റ് രൂപീകൃതമായതും അതിനുള്ള പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നതും ഓർമ്മിക്കുക.
രാമക്ഷേത്ര പ്രശ്നത്തിൽ വിഎച്പിക്കും മറ്റുമുള്ള ആശങ്ക മനസ്സിലാവും. എത്രയോ വർഷമായി അവർ അതിനായി നിരന്തരം പോരാടുന്നു. അശോക് സിംഗാൾജിയെപ്പോലുള്ളവർ ജീവിതം തന്നെ ഈ ഒരു മഹാലക്ഷ്യത്തിനായി സമർപ്പിച്ചതാണ് എന്നതാർക്കാണ് അറിയാത്തത് . തന്റെ ജീവിതകാലത്ത് രാമജന്മഭുമിയിൽ ഒരു മനോഹര രാമക്ഷേത്രം ഉയർന്നുകാണാൻ അദ്ദേഹം അത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതും നിസ്തർക്കമാണ്. അവർക്കൊപ്പമുള്ള സന്യാസിവര്യന്മാരുടെ ക്ഷമാശീലവും പ്രധാനമാണ്. ആയിരക്കണക്കിന് സന്യാസിശ്രേഷ്ഠന്മാർ എത്രയോ നാൾ ഈ സദ് ഉദ്യമത്തിനായി രംഗത്തുനിന്നു. അതൊക്കെക്കൊണ്ടും കോടാനുകോടി ഭക്തരുടെ പ്രാർഥനയുടെ ഫലമായിട്ടുമാണ് ഇന്നിപ്പോൾ കാര്യങ്ങൾ ഇന്നത്തെ സ്ഥിതിയിലെത്തിച്ചത്. ഓരോ വലിയ കാര്യങ്ങൾക്കും അതിന്റെതായ ബുദ്ധിമുട്ടും തടസങ്ങളും ഉണ്ടാവുന്നത് സ്വാഭാവികമാണല്ലോ. 1528- ലാണ് മിർ ബക്കി എന്ന ബാബറിന്റെ സൈന്യാധിപൻ രാമക്ഷേത്രം തകർത്തത് എന്നതാണ് ചരിത്രം. കൃത്യമായി പറഞ്ഞാൽ 490 വർഷമാവുന്നു, ആ ദുരന്തം സംഭവിച്ചിട്ട്. ഏതാണ്ട് അഞ്ഞൂറ് വർഷമാവാൻ പോകുന്നു ആ ദുരന്തം സംഭവിച്ചിട്ട് . അത്തരത്തിലൊന്ന് പരിഹരിക്കപ്പെടാൻ അതിന്റെതായ സമയമെടുക്കുന്നതിൽ ആശങ്കപ്പെട്ടിട്ട് കാര്യമില്ല. പ്രശ്നം കോടതിക്ക് മുന്നിലാവുമ്പോൾ ആർക്ക് എന്താണ് ചെയ്യാൻ കഴിയുക. ചർച്ചകളിലൂടെ പരിഹാരം കാണുക, അല്ലെങ്കിൽ കോടതിവിധിക്ക് കാത്തിരിക്കുക…….. അതേയുള്ളൂ മാർഗം.
ഇന്ന് കേന്ദ്രത്തിലും ഉത്തർ പ്രദേശിലും ഭരണം കയ്യാളുന്നവർ രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുള്ളവർ തന്നെയാണ്. അവരെല്ലാം അതിന് ഇന്നിപ്പോൾ അനുകൂലമല്ല എന്നമട്ടിലുള്ള പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുന്നത് തീരെ ശരിയല്ല. അതേസമയം ആ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റില്ല; കാരണം ആർക്കും എന്തും ഇവിടെ ഉന്നയിക്കാം. ഞാൻ ഓർക്കുന്നു, വാജ്‌പേയി സർക്കാരിന്റെ കാലഘട്ടത്തിൽ ഇതുപോലെ ഒരു പ്രചാരണം നടന്നിരുന്നു. ദൽഹിയിൽ വിഎച്ച്പി അടക്കമുള്ള നേതാക്കൾ ഇടയ്ക്കിടെ പത്രസമ്മേളനം വിളിച്ചുകൂട്ടി ‘ ബിജെപി നേതാക്കൾ ഹിന്ദുക്കളെ വഞ്ചിക്കുന്നു’ എന്നും മറ്റും ആക്ഷേപിച്ചിരുന്നതും മറക്കാവതല്ല. വാജ്‌പേയിയെയും അദ്വാനിജിയെയും മറ്റും പേരെടുത്തുപറഞ്ഞുകൊണ്ട് വിമർശിച്ച എത്രയോ സംഭവങ്ങൾ അന്നുണ്ടായിട്ടുണ്ട്. അന്ന് അവർ ഭരിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ കോടതിയുടെ മുന്നിലുള്ള ഒരു പ്രശ്നത്തിൽ മറ്റെന്ത് നിലപാടാണ് അവർക്ക് അന്ന് സ്വീകരിക്കാൻ കഴിയുമായിരുന്നത്?. അയോധ്യയിൽ മനോഹരമായ ഒരു രാമക്ഷേത്രം ഉയരണം എന്നാഗ്രഹിക്കാത്തവരായിരുന്നു വാജ്‌പേയിയും അദ്വാനിജിയും എന്ന് പറയാനാവുമോ ആർക്കെങ്കിലും. ഈ പ്രക്ഷോഭത്തിൽ ഏറ്റവും വലിയ ഒരു റോൾ വഹിച്ചയാളാണ് അദ്വാനിജി എന്നാരെങ്കിലും ഓർമ്മിക്കണ്ടേ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ സോമനാഥ് – അയോദ്ധ്യ രഥയാത്ര മറക്കാനാവുമോ ആർക്കെങ്കിലും?. മറ്റൊന്നുകൂടി ഓർമ്മിക്കണം, അന്ന് എൻഡിഎയിലെ ഘടകകക്ഷികൾ എല്ലാം തന്നെ അയോദ്ധ്യ പ്രശ്നത്തിൽ ബിജെപിയിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ജെഡി-യു, ബിജെഡി തുടങ്ങിയവർ സ്വീകരിച്ചിരുന്ന നിലപാട് അറിയാമല്ലോ. ഒരു ഘട്ടത്തിൽ ജമ്മു കശ്മീരിലെ ഫറൂഖ് അബ്ദുല്ലയുടെ കക്ഷിയും മമത ബാനർജിയും വാജ്‌പേയി സർക്കാരിൽ പങ്കാളികൾ ആയിരുന്നു. ക്ഷേത്ര നിർമ്മാണം എൻഡിഎയുടെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടുത്താൻപോലും അന്ന് കഴിഞ്ഞിരുന്നുമില്ല, അല്ലെങ്കിൽ കഴിയുമായിരുന്നില്ല. അതൊക്കെ അറിയാവുന്നവരാണ് അന്ന് കൂടപ്പിറപ്പുകളായവരെ തുടരെത്തുടരെ ആക്ഷേപിച്ചത്. എന്നാൽ അന്നത്തേതിൽനിന്നും കുറച്ചൊക്കെ വ്യത്യസ്തമാണ് ഇന്നത്തെ അവസ്ഥ. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ തന്നെ സർക്കാരാണ് നിലവിലുള്ളത് എങ്കിലും ബിജെപിക്ക് ഇന്ന് തനിച്ചു ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് അയോദ്ധ്യ രാമ ജന്മഭൂമി എന്നൊക്കെ പറഞ്ഞാലും സർക്കാരിനെ കാലുവരും എന്ന് ഭയക്കേണ്ടതില്ല. അപ്പോഴും കോടതിയിൽ നിലനിൽക്കുന്ന ഒരു വിഷയത്തിൽ സർക്കാരിന് കുറെയേറെ പരിമിതികളുണ്ട് ………. അല്ലെങ്കിൽ പരിമിതികളേയുള്ളൂ.
ഇന്നിപ്പോൾ ഈ തർക്കം തീർക്കാൻ പരസ്പര ചർച്ചയായാലോ എന്ന് സുപ്രീം കോടതി ബന്ധപ്പെട്ട കക്ഷികളോട് ചോദിച്ചത് അടുത്തിടെയാണ്. വലിയൊരു പ്രശ്നം പരിഹരിക്കാനുള്ള ഒരു പോംവഴിയാണിത് എന്നതിൽ സംശയമില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. വേണമെങ്കിൽ, എല്ലാവരും യോജിച്ചാൽ താൻ തന്നെ മധ്യസ്ഥ ചർച്ചക്ക് തയ്യാറാണ് എന്നും അദ്ദേഹം സൂചിപ്പിച്ചതുകൊണ്ടു. ഇക്കാര്യം സംബന്ധിച്ച് ചർച്ചകൾ മുന്നോട്ട് പോകേണ്ടതുണ്ട്. ബന്ധപ്പെട്ട കക്ഷികൾ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. നിയമാനുസൃതം തന്നെ കോടതിക്ക് ഒരു തർക്കം ചർച്ചകളിലൂടെ, മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ നിർദ്ദേശിക്കാനാവും. ആ നിലയിൽ അതിനെ കണ്ടാൽ മതി. വാശിയും പിടിവാശിയും ഒക്കെ കുറെ കണ്ടു, പരസ്പരം കുറെയേറെ മത്സരിച്ചു. ആ നിയമയുദ്ധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊക്കെ നേതൃത്വം നൽകിയവർക്ക്, ഇനി അതൊക്കെ ഉപേക്ഷിക്കാൻ സമയമായി എന്ന് തോന്നും എന്നുതന്നെവേണം കരുതാൻ. പ്രശ്നം പരിഹരിക്കണം എന്ന് ഏവർക്കും തോന്നണം എന്നർഥം. ഇവിടെ നമ്മുടെ മുന്നിൽ കുറെ ചരിത്രമുണ്ട് ; വസ്തുതയുണ്ട് ; വിശ്വാസ പ്രമാണമുണ്ട് ; അതൊക്കെ നിരാകരിച്ചുകൊണ്ടല്ല ഒരു പ്രശ്നവും പരിഹരിക്കേണ്ടത്. ക്ഷേത്രവും പള്ളിയും നിർമ്മിക്കുന്നതിന് രണ്ടുപേരും തീരുമാനിച്ചാൽ തീരുന്ന പ്രശ്നമാണിത് എന്നതാർക്കാണ് അറിയാത്തത് . രാമജന്മസ്ഥാനം ശ്രീരാമന് നൽകിക്കൊണ്ട് ബദൽ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ട് പള്ളിയും നിർമ്മിക്കാൻ കഴിയും, കഴിയണം. ഇവിടെ മറ്റൊന്ന് കൂടി കാണാതെ പോയിക്കൂടാ. രാമ ജന്മസ്ഥാനത്ത് ഇന്ന് ക്ഷേത്രമുണ്ട്. താൽക്കാലിക ക്ഷേത്രം എന്ന് വേണമെങ്കിൽ പറയാം. പക്ഷെ അതൊരു ക്ഷേത്രമാണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ അവിടത്തെ ശ്രീകോവിലിൽ ശ്രീരാമ ലാലയുടെ വിഗ്രഹമുണ്ട് ; നിത്യ പൂജ നടക്കുന്നുണ്ട്. പൂജാരിയെ നിയമിച്ചത് കോടതിയാണ് ; സർക്കാരാണ് പൂജാരിക്ക് ശമ്പളം കൊടുക്കുന്നത്……..ഇതൊക്കെ ഇങ്ങനെയായിരിക്കെ ഇനി ആ സ്ഥലത്ത് രാമക്ഷേത്രമല്ലാതെ മറ്റെന്താണ് ഉയരാൻ പോകുന്നത് എന്നത് എല്ലാവരും ചിന്തിക്കണ്ടേ. ഇനി ഏത് കോടതി എന്തൊക്കെ പറഞ്ഞാലും, അത് ബാബ്‌റി മസ്ജിദ് ആണ് എന്നുതന്നെ പറഞ്ഞാലും, ആ വിഗ്രഹവും ക്ഷേത്രവും മാറ്റിസ്ഥാപിക്കാൻ കഴിയുമോ……….?. ഒരു സംശയവുമില്ല, അതൊന്നും ഇനി നടക്കാൻ പോകുന്നില്ല എന്നത് എല്ലാവര്ക്കും ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ്, ധാരണയുണ്ടാക്കുന്നതാണ് ഉത്തമം എന്ന് സൂചിപ്പിക്കുന്നത്.
ഇന്നത്തെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ( എ എസ് ഐ) മുൻ ഉത്തരമേഖലാ ഡയറക്ടർ കെകെ മുഹമ്മദിന്റെ ഒരു അഭിമുഖമുണ്ട്. മലയാളിയാണ് അദ്ദേഹം. 1977 -78 കാലഘട്ടത്തിൽ അയോധ്യയിൽ പഠനം നടത്തിയ എഎസ്ഐ സംഘത്തിൽ അംഗമായിരുന്നു മുഹമ്മദ്. ഇടത് ചരിത്രകാരന്മാരാണ് അയോദ്ധ്യ പ്രശ്നം വഷളാക്കിയത് എന്ന നിലപാട് എടുത്ത അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, അവിടെ തകർന്ന പള്ളി മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനപ്പെട്ടതൊന്നുമല്ല എന്നതാണ്. അതിനു പ്രവാചകനുമായോ മറ്റേതെങ്കിലും പ്രധാനപ്പെട്ട മത വിശ്വാസവുമായോ ബന്ധമൊന്നുമില്ല. ഒരു ക്ഷേത്രം തകർത്തശേഷം ഒരു മുസ്ലിം ഭരണാധികാരി നിർമ്മിച്ച പള്ളിയാണത് അല്ലെങ്കിൽ കെട്ടിടമാണത്. ഗസ്‌നി, ഗൗറി, അറംഗസേബ് തുടങ്ങിയവർ എന്തെല്ലാം തെറ്റുകൾ ചെയ്തിരിക്കുന്നു. അതിനെയൊക്കെ ന്യായീകരിക്കേണ്ട ആവശ്യമില്ല……… മുഹമ്മദ് പറയുന്നു. അതുകൊണ്ട് ആ തർക്ക പ്രദേശം വിട്ടുകൊടുക്കുന്നതാണ് മുസ്ലീങ്ങൾക്ക് നല്ലത് എന്നും അദ്ദേഹം പറയുന്നു. അവിടെ ഒരു സർവ്വകലാശാലയോ വലിയ ആശുപത്രിയോ നിർമ്മിക്കണം എന്ന ആവശ്യം മുസ്ലിംസമൂഹം ഉന്നയിക്കണം. അതാണവർക്ക് നല്ലത് . അതിനു കേന്ദ്രത്തിന്റെ സഹായവും ലഭിക്കും, മുഹമ്മദ് തുടരുന്നു. പ്രായോഗികമായ ഒരു നിലപാടാണിത്. സുപ്രീം കോടതി നിർദ്ദേശിച്ച ഒത്തുതീർപ്പു ചർച്ചകളിൽ ഇങ്ങനെയൊരു നിർദ്ദേശം ഉയർന്നാൽ…….മുസ്ലിം സഹോദരങ്ങൾ അങ്ങിനെ ചിന്തിച്ചാൽ. പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നതാണ് ഇതൊക്കെ കാണിക്കുന്നത്. അതിനിടയിൽ ആരുടേയും വികാരങ്ങളെ വേദനിപ്പിക്കാതെ നോക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്. ഒരു ചെറിയ സംഘര്ഷംമതി, ഒരു പരസ്യ പ്രസ്താവന മതി, കാര്യങ്ങൾ വഴിതെറ്റാൻ എന്നതാണ് ശ്രദ്ധിക്കേണ്ടത്.
Post Your Comments