സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് നാളെ ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. 1992 മാര്‍ച്ച് 27നാണ് ബിസിഎം കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച കേസില്‍ ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശ പ്രകാരം 1993 മാര്‍ച്ച് 29നു സിബിഐ കേസ് എറ്റെടുത്തെങ്കിലും തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പതിനാറ് വര്‍ഷത്തിനുശേഷം 200 നവംബര്‍ 18ന് ഫാദര്‍ തോമസ് എം കോട്ടൂര്‍ ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ അറസ്റ്റിലായി. പ്രതികളായ വൈദികരെയും സിസ്റ്ററിനെയും സിസ്റ്റര്‍ അഭയ അരുതാത്ത നിലയില്‍ കണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കണ്ടെത്തല്‍. ഒന്നരമാസത്തോളം മൂന്ന് പ്രതികളും ജയിലില്‍ കഴിഞ്ഞു. തുടര്‍ന്ന് 2009 ജനുവരി രണ്ടിന് മൂന്നുപേര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം കുറ്റപത്രം നല്‍കി എട്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിനു പിന്നില്‍ ചില ഉന്നത ഇടപെടല്‍ ഉണ്ടെന്ന ആരോപണമാണ് പുറത്തുവരുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിലെ ചില ഉന്നതരും മലയാളിയായ സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയും തമ്മിലുള്ള ധാരണ പ്രകാരമാണ് വിചാരണ വൈകിച്ചതെന്നതാണ് പുതിയ ആക്ഷേപം. അറസ്റ്റിലായ പ്രതികളുമായി ഇതേസമുദായത്തില്‍പ്പെട്ട ഈ ജഡ്ജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് കീഴ്‌ക്കോടതിയെ തടഞ്ഞതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പത്തുവര്‍ഷം നീണ്ട യുപിഎയുടെ ഭരണം അവസാനിച്ചെങ്കിലും അഭയയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതോടെ കേസില്‍ ആര്‍ക്കും താല്‍പര്യമില്ലാത്ത അവസ്ഥയാണെന്നതും വിചാരണ വൈകിപ്പിക്കുന്നു.
Post Your Comments