തിരുവനന്തപുരം: വാഹനവിൽപ്പനക്കാരുടെ തട്ടിപ്പ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ആപ്പ്. ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ രജിസ്ട്രേഷന് സോഫ്റ്റ്വേറില് മാറ്റം വരുത്തും. മോട്ടോര്‍വാഹനവകുപ്പ് കേന്ദ്രീകൃത സോഫ്റ്റ്വേര്‍ വാഹന്‍-സാരഥിയിലേക്കാണ് മാറുന്നത്. രാജ്യവ്യാപകമായി ഏകീകൃത സംവിധാനത്തിലുള്ള വാഹന രജിസ്ട്രേഷന്, ഡ്രൈവിങ് ലൈസന്‍സ് സംവിധാനം ഇതിലൂടെ നിലവില്‍വരും.
ഈ മാറ്റം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ്. മൂന്നുമാസത്തിനകം പുതിയ സങ്കേതത്തിലേക്ക് രജിസ്ട്രേഷന് സംവിധാനം മാറ്റും. ഇനി സംസ്ഥാനത്തിന് അനുയോജ്യമായ നികുതിഘടന മാത്രമാണ് ഉള്ക്കൊള്ളിക്കാനുള്ളത്. ഡല്‍ഹി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ അവസാനവട്ട ജോലികള്‍ നടക്കുകയാണ്.
വാഹന സംബന്ധമായ സേവനങ്ങള്‍ക്ക് വാഹന്‍ എന്ന ഭാഗവും ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് സാരഥിയും ഉപയോഗിക്കാം. പഴയ വാഹനങ്ങള്‍ നിര്‍മാണത്തിയതി തിരുത്തി വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ കഴിയും. വാഹനത്തിന്റെ എന്ജിന്, ഷാസി നമ്പരുകള്‍, നിര്‍മിച്ച വര്‍ഷം, പ്ലാന്റ് തുടങ്ങി അടിസ്ഥാനവിവരങ്ങളെല്ലാം വാഹനനിര്‍മാതാവ് ഓണ്‍ലൈനിലേക്ക് ഉള്‍ക്കൊള്ളിക്കും. ഇത് പൂര്‍ത്തീകരിച്ചാലേ വാഹനം വില്‍പ്പനയ്ക്കായി ഡീലര്‍ക്ക് കൈമാറാന്‍ കഴിയൂ.
ഡീലര്മാര്ക്കുള്ളത് വാഹനം വാങ്ങുന്നയാളിന്റെ പേരും മേല്‍വിലാസവും രേഖപ്പെടുത്താനുള്ള അനുമതി മാത്രമാണ് . എന്ജിന്, ഷാസി നമ്പരുകളില്‍ തെറ്റുണ്ടെങ്കില്‍ വാഹനനിര്‍മാതാവിന്റെ സഹായത്തോടെ മാത്രമേ പരിഹരിക്കാനാകൂ. രജിസ്ട്രേഷനില്‍ ഉടമയുടെ ആധാര്‍ വിവരങ്ങളും ഉള്‍ക്കൊള്ളിക്കും. ആഡംബര വാഹനങ്ങള്‍ ബിനാമി പേരില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിക്കുന്നതും ഒഴിവാക്കപ്പെടും.
സാരഥി ഓണ്‍ലൈന്‍ ഡ്രൈവിങ് ലൈസന്സുകളിലെ ക്രമക്കേടുകള്‍ തടയാനാണ്. രാജ്യവ്യാപകമായ ഡ്രൈവിങ് ലൈസന്‍സ് വിതരണ സംവിധാനമാണിത്. രാജ്യത്താകെ നല്കുന്ന ലൈസന്‍സുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യാജലൈസന്‍സ് എടുത്തശേഷം സംസ്ഥാനത്തേയ്ക്ക് മാറ്റുന്ന പ്രവണതയും തടയാനാകും. ഡ്രൈവിങ് ലൈസന്‍സിന്റെ ആധികാരികത ഏത് ലൈസന്‍സിങ് അതോറിട്ടിക്കും പരിശോധിക്കാനാകും.
നിലവില്‍ ഒരോ സംസ്ഥാനവും പ്രത്യേക സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത്. ലൈസന്‍സ് സാധുതയുള്ളതാണോ എന്ന് പരിശോധിക്കാന്‍ അത് നല്കിയ ലൈസന്‍സിങ് അതോറിട്ടിക്ക് മാത്രമേ കഴിയുകയൂള്ളൂ. ഈ ന്യൂനതയും പരിഹരിക്കപ്പെടും.
Post Your Comments