
തിരുവനന്തപുരം : സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ മറച്ചു വയ്ക്കില്ലെന്നും പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.
സര്‍ക്കാരിന്റെ ഭരണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീഴ്ചകള്‍ ഏറ്റു പറയുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി വ്യക്തമാക്കി. വീഴ്ചകള്‍ പരിഹരിച്ച് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിലൂടെ സ്വാധീനം വര്‍ദ്ധിപ്പിക്കാമെന്ന് ആര്‍.എസ്.എസ് കരുതേണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്‍ സി.പി.എം ആണ്. എന്നാല്‍ ഇവരെ ജനാധിപത്യ മാര്‍ഗത്തിലൂടെ തറപറ്റിക്കുമെന്ന് യെച്ചൂരി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പീഡനങ്ങളും മറ്റു കുറ്റകൃത്യങ്ങളും ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊലീസിനെതിരെയും സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഭരണം മാറിയത് പല പൊലീസ് ഓഫീസര്‍മാരും അറിഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.
Post Your Comments