അഹമ്മദാബാദ്: 21 ദിവസത്തിനുള്ളിൽ 2 പ്രാവശ്യം അമ്മയായ ജനപ്രതിനിധിയുടെ പണി പോയി. ഒരു മാസത്തിനിടെ രണ്ടുതവണ അമ്മയായ ഗുജറാത്തിലെ ഘാംഖട് ജില്ലാ പഞ്ചായത്തംഗം സവിതാബെൻ റാത്തോഡ് ‘ചരിത്രം സൃഷ്ടിച്ചു’വെങ്കിലും അവരുടെ ജനപ്രതിനിധി സ്ഥാനം നഷ്ടമായി.
രണ്ടു മക്കളിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ മത്സരാർഥികൾക്കു പാടില്ലെന്ന ഗുജറാത്ത് പഞ്ചായത്തു നിയമം
( 2005) അനുസരിച്ചാണ് മൂന്നു മക്കളുള്ള സവിതാ ബെന്നിനെ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവച്ചത്. 2004 ഏപ്രിൽ 22നാണ് തനിക്കു മൂന്നാമത്തെ മകൻ ജനിച്ചതെന്നാണ് നാമനിർദേശ പത്രികയിൽ കാണിച്ചിരുന്നത്.
2004 ഏപ്രിൽ ഒന്നിനാണ് ഔദ്യോഗിക ജനന രജിസ്റ്റർ പ്രകാരം സവിതാ ബെന്നിനു രണ്ടാമത്തെ മകൻ ജനിച്ചത്. വെറും 21 ദിവസത്തിനുള്ളിൽ രണ്ടുതവണ ‘അമ്മ.’ അസാധ്യമായ കാര്യമെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി വിധി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 2015ൽ ജയിച്ച സവിതാബെന്നിനെ പഞ്ചായത്തുനിയമ പ്രകാരം അയോഗ്യയാക്കണമെന്ന ആവശ്യവുമായി എതിർസ്ഥാനാർഥി അധികൃതരെ സമീപിക്കുകയായിരുന്നു.
മൂന്നു മക്കൾ പാടില്ലെന്ന പഞ്ചായത്തു നിയമം നടപ്പായ 2005 ഓഗസ്റ്റ് നാലിനു മുൻപേ തനിക്കു മൂന്നു മക്കളുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാൻ രേഖകളിൽ കൃത്രിമം നടത്തിയെന്നു തെളിഞ്ഞതിനെ തുടർന്ന്, അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Post Your Comments