KeralaNews

പാക് കള്ളനോട്ടുകള്‍ കേരളത്തിൽ എത്തിയതായി സൂചന

കരിപ്പൂര്‍: പാക് ചാരസംഘടന രാജ്യത്ത് വിതരണംചെയ്യാനായി അച്ചടി പൂര്‍ത്തിയാക്കിയ നോട്ടുകള്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വിതരണംചെയ്തതായി സൂചന. ഇത്തരത്തില്‍ 13 കോടി രൂപയുടെ നോട്ടുകളാണ് സംസ്ഥാനത്തെത്തിയതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കിയത്. 2000, 500 രൂപയുടെ കള്ളനോട്ടുകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
 
ഇതേത്തുടര്‍ന്ന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള പാക് കറന്‍സി നിര്‍മാണ പ്രസ്സുകളില്‍ അച്ചടിച്ച 2000, 500 രൂപയുടെ വ്യാജ കറന്‍സികളാണ് ബംഗ്‌ളാദേശ് വഴിയും ദുബായ് വഴിയും രാജ്യത്തേക്ക് കടത്തിയതെന്നാണ് സൂചന.
 
കേരളത്തില്‍ പ്രധാനമായും മറുനാടന്‍തൊഴിലാളികള്‍ വഴിയും ഹവാല ഇടപാടുകള്‍ വഴിയുമാണ് ഇവ വിതരണംചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ കുഴല്‍പ്പണമാഫിയയ്ക്ക് ബംഗാളിലെ മാള്‍ഡയില്‍നിന്നാണ് വ്യാജ കറന്‍സികള്‍ ലഭ്യമായിരിക്കുന്നത്. യഥാര്‍ഥ ഇന്ത്യന്‍ കറന്‍സിയിലെ 17 സുരക്ഷാമുദ്രകളില്‍ 11 മുദ്രകള്‍ പകര്‍ത്തിയവയാണ് നോട്ടുകള്‍.
 
2000 രൂപയുടെ വ്യാജനോട്ടുകള്‍ വിദഗ്ധര്‍ക്കുപോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തവയാണ്. 500 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിരിക്കുന്ന ഗുണമേന്മ കുറഞ്ഞവയാണ്. ഇവ പെട്ടെന്ന് തിരിച്ചറിയാനാകും.
 
ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് എന്നിവയോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നോട്ടുകളുമായെത്തുന്നവര്‍ക്കെതിരെ ഒരു നോട്ടാണെങ്കില്‍പ്പോലും നടപടി സ്വീകരിക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശംനല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button