സംഘടനാ തെരഞ്ഞെടുപ്പിന് ഇടയില്‍ റോഡില്‍ തമ്മിലടിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍. ഒടുവില്‍ പോലീസിന്റെ അടികൊണ്ട് ഓടിയവര്‍ തിരികെയെത്തി പോലീസിനെ കല്ലെറിഞ്ഞു.
കെഎസ്‌യു എറണാകുളം ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പിനിടയിലാണ് കള്ളവോട്ട് ആരോപിച്ച് എ- ഐ ഗ്രൂപ്പുകള്‍ തമ്മിലടിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 3.45ന് പുരോഗമിക്കുന്നതിനിടയിലാണ് കലൂരില്‍ അടി തുടങ്ങിയത്. റോഡിലേക്ക് ഇറങ്ങിയ എ-ഐ ഗ്രൂപ്പുകാര്‍ സംഘം ചേര്‍ന്ന് തമ്മിലടിച്ചതോടെ വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി.
ആദ്യഘട്ടത്തില്‍ സംയമനം പാലിച്ച പൊലീസ് സംഘര്‍ഷം കനത്തതോടെ ലാത്തി വീശി. റോഡില്‍ തമ്മിലടിച്ച പ്രവര്‍ത്തകരെ നീക്കാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. തമ്മിലടിച്ച കെഎസ്‌യു പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് ലാത്തി വീശിയതോടെ ഓടി മാറിയ കെഎസ്‌യു പ്രവര്‍ത്തകര്‍ വീണ്ടും സംഘം ചേര്‍ന്നെത്തി പൊലീസിന് നേരെ കല്ലെറിഞ്ഞു.
സ്ഥിതി ശാന്തമാക്കാന്‍ പൊലീസിന് മിനിട്ടുകള്‍ വേണ്ടി വന്നു. നാല് മണിയോടെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഫലം വരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കള്ളവോട്ട് ആരോപിച്ചുള്ള തമ്മിത്തല്ലലില്‍ ഫലം വൈകി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും സമാനമായി കെഎസ്‌യുക്കാര്‍ തമ്മിലടിച്ചിരുന്നു.
Post Your Comments