NewsGulf

ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് യുഎഇ മന്ത്രി

ദുബായി: യുഎഇയുടെ വികസനത്തില്‍ ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്നും ഇതില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നന്ദിപറയുന്നതായും യുഎഇ മന്ത്രി. രണ്ടാമത് ഇന്ത്യന്‍ -യുഎഇ കോണ്‍ഫ്രന്‍സില്‍ സംസാരിക്കവേ, യുഎഇ സാംസ്‌കാരിക – വിജ്ഞാനവികസന വകുപ്പ് മന്ത്രി ഷെയ്ക്ക് നഹ്യാന്‍ ബിന്‍ മുബാരക്ക് അല്‍ നഹ്യാനാണ് ഇന്ത്യക്കാരെ അഭിനന്ദിച്ചത്.

യുഎഇയുടെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചക്ക് ഇന്ത്യന്‍ പ്രവാസികളുടെ പങ്ക് വളരെയാണ്. ഇവിടെ അധിവസിക്കുന്ന ഇന്ത്യക്കാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഓരോവര്‍ഷവും ഊഷ്മളമാക്കിക്കൊണ്ടിരിക്കുന്നു – മന്ത്രി പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിലെ സുവര്‍ണ കാലഘട്ടമാണ് ഇപ്പോഴെന്ന് സമ്മേളനത്തിനിടെ ഗള്‍ഫ് ന്യൂസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ്ങ് സൂരി പറഞ്ഞു. ഇരുരാജ്യങ്ങളും ഇപ്പോള്‍ വിവിധ മേഖലയില്‍ നിക്ഷേപം നടത്തുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഡപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ മുഖ്യാഥിതിയായിരുന്ന കാര്യം ഇന്ത്യന്‍ അംബാസിഡര്‍ അനുസ്മരിച്ചു. അബുദാബി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ വിവിധ മേഖലകളിലായി 14 കരാറുകളില്‍ ഒപ്പുവച്ചകാര്യം ഇന്ത്യന്‍ അംബാസിഡര്‍ സൂരി ചൂണ്ടിക്കാട്ടി.

ഇന്ത്യയും യുഎഇയും തമ്മില്‍ ഇപ്പോള്‍ വര്‍ഷത്തില്‍ 75 ബില്യണ്‍ അമേരിക്കന്‍ ഡോള(275 ബില്യണ്‍ യുഎഇ ദിര്‍ഹം)റിന്റെ വാണിജ്യമാണ് നടക്കുന്നത്. 2012 ഓടെ ഇത് 100 ബില്യണ്‍ ഡോളറാക്കുകയാണ് ലക്ഷ്യം. യുഎഇയുടെ പ്രാഥമിക വാണിജ്യ പങ്കാളിയാണ് ഇന്ത്യയിപ്പോള്‍. സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ ഇന്ത്യയില്‍ വന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ അംബാസിഡര്‍, ലോകത്തെ തന്നെ സ്റ്റാര്‍ട്ട്അപ്പ് തലസ്ഥാനമെന്ന പേര് ഇന്ത്യക്ക് ഇതിനകമുണ്ടെന്നും വ്യക്തമാക്കി.

shortlink

Post Your Comments


Back to top button