ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതിദയനീയമായി തകര്‍ന്നടിയുമ്പോള്‍ മാതാവിനെ മുന്‍നിര്‍ത്തി പാര്‍ട്ടി നേതൃത്വം കൈയ്യാളുന്ന പുത്രന്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തനാകുകയാണ്. പിതാവ് രാജീവ് ഗാന്ധിയുടെ നേതൃപാടവത്തിന്റെ നാലിലൊന്നുപോലും കാഴ്ചവയ്ക്കാന്‍ കഴിയാത്ത രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയുടെ അമരത്തുനിന്നും പിന്‍വലിപ്പിക്കാന്‍ മാതാവും പാര്‍ട്ടി അധ്യക്ഷയുമായ സോണിയാഗാന്ധി തയ്യാറാകണമെന്ന ആവശ്യം കോണ്‍ഗ്രസില്‍നിന്നും ഉയരാന്‍ തുടങ്ങിയിരിക്കുന്നു. രാഹുല്‍ഗാന്ധി എപ്പോള്‍ പാര്‍ട്ടി അധ്യക്ഷനാകും എന്ന നിലയില്‍നിന്നും അദ്ദേഹം പാര്‍ട്ടിയുടെ ഒരു പദവികളിലും വേണ്ട എന്ന നിലയിലേക്കു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാറാന്‍ തുടങ്ങിയിരിക്കുന്നു. അതിനുള്ള തുടക്കമിടുന്നതാകട്ടെ കേരളത്തില്‍നിന്നാണ് എന്നതും ശ്രദ്ധേയം. പ്രതിപക്ഷത്താണെങ്കില്‍പോലും കോണ്‍ഗ്രസിന് ഇന്ന് അല്‍പമെങ്കിലും ശക്തിയുള്ള വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിലവിലെ ദേശീയ സാഹചര്യങ്ങളില്‍ കേരളത്തിലും കോണ്‍ഗ്രസ് ദുര്‍ബലമാകാന്‍ അധികം വൈകിയേക്കില്ല. ഈ തിരിച്ചറിവില്‍നിന്നാണ് പുതിയൊരു ഉണര്‍വോടെ പാര്‍ട്ടി ഉയിര്‍കൊള്ളണമെന്ന് കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ എ.കെ ആന്റണിക്കുപോലും സ്വന്തം സംസ്ഥാനത്തുനിന്നും പാര്‍ട്ടി നേതൃത്വത്തിനെതിരേ ഉയരുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. കേരളത്തിലും കോണ്‍ഗ്രസിന്റെ സാഹചര്യങ്ങള്‍ മാറുകയാണ്. സംസ്ഥാന പ്രസിഡന്റ് പദവിയില്‍നിന്നും വി.എം സുധീരന്‍ പടിയിറങ്ങിയിട്ടും താത്കാലികമായിപോലും മറ്റൊരാളെ ചുമതല ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം എത്രമാത്രം ദുര്‍ബലമാകുന്നു എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയതുപോലെ ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. ഇന്ത്യന്‍ ഭരണത്തിനു തുടര്‍ച്ചയായി പത്തുവര്‍ഷം ഭരണ നേതൃത്വം വഹിച്ച പാര്‍ട്ടിക്ക് ക്രീയാത്മക പ്രതിപക്ഷം പോലും ആകാന്‍ കഴിയാതിരിക്കുന്ന ദുര്‍ഗതിയെ നേതൃത്വത്തിനു ബോധ്യപ്പെടുത്തി തിരുത്താന്‍ കേരളം മുന്‍കൈ എടുക്കുന്നു എന്നത് ആശാവഹമാണ്.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമര്‍ഷം വരും ദിവസങ്ങളില്‍ ദേശീയതലത്തിലും ആളിപ്പടരുമ്പോള്‍ ഒരു പക്ഷേ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നെഹ്രു കുടുംബത്തില്‍നിന്നു എന്നന്നേക്കുമായി കൈവിട്ടുപോയെന്നും വരാം. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്ന സാഹചര്യമാണ് കോണ്‍ഗ്രസിനുള്ളില്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് ഇതാദ്യമായി രാഹുല്‍ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണമെന്നു ആവശ്യപ്പെടാന്‍ കേരളത്തിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് ഇനിയെങ്കിലും രാഹുല്‍ഗാന്ധി കണ്ണ് തുറന്നുതന്നെ കാണേണ്ടിയിരിക്കുന്നു. സ്വന്തം നേതൃപാടവവും തന്ത്രങ്ങളും അടവുകളുമെല്ലാം പിഴച്ചുപോകുന്നു എന്ന് രാഹുല്‍ഗാന്ധിക്ക് അടുത്തിടെ നടന്ന എത്രയോ തെരഞ്ഞെടുപ്പുകള്‍ സ്വയം ബോധ്യപ്പെടുത്തികൊടുത്തിട്ടുണ്ടാകും. ഇന്ത്യയിലെ തന്നെ മുതിര്‍ന്ന നേതാവായ എ.കെ ആന്റണി രാജ്യസഭാംഗത്വത്തിന്റെ സുരക്ഷിത തണലില്‍ ഡല്‍ഹിയില്‍ പരിലസിക്കുമ്പോള്‍ അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് വളര്‍ത്തി വലുത്താക്കിയ കെ.എസ്.യുവും കേരള യൂത്ത് കോണ്‍ഗ്രസുമെല്ലാം ഗ്രൂപ്പിസത്തിന്റെയും സെറ്റില്‍മെന്റ് രാഷ്ട്രീയത്തിന്റെയും ഞെരിച്ചമര്‍ത്തലില്‍ കിതക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അമരത്ത് പുതിയൊരു സൂര്യോദയം കേരളത്തില്‍നിന്നുള്ള യുവകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊതിക്കുന്നുണ്ടെങ്കില്‍ അവരെ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല.
Post Your Comments