Kerala

രമേശ് ചെന്നിത്തലയെ വെട്ടിലാക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. ചെന്നിത്തലയ്ക്ക് സംഘി നിലപാടാണെന്ന് ആരോപിക്കുന്ന സന്ദേശമാണുള്ളത്. മൂന്നു ക്ലിപ്പിങ്ങുകളാണ് ഉള്ളത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യം വരുന്ന ശബ്ദസന്ദേശം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

എറണാകുളം ജില്ലയിലെ പായിപ്ര ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എം.സി. വിനയന്റേതാണ് വിവാദ സന്ദേശം. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച വി.എം. സുധീരനും കെ. മുരളീധരനും മതേതര നിലപാടാണുള്ളതെന്നും സന്ദേശത്തില്‍ പറയുന്നു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവ നേതാവ് ഉന്നയിക്കുന്നത്.

രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരിക്കെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായെന്നും പറയുന്നു. ശബ്ദസന്ദേശത്തിന്റെ പൂര്‍ണരൂപമിങ്ങനെ… രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരിക്കെ നടന്ന പഞ്ചായത്ത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റുകാരുടെ നെറികെട്ട ഭരണത്തിനെതിരേ ഒരു തരംഗം ആഞ്ഞടിച്ചു. എന്നാല്‍, അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റായിരിക്കെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 72 സീറ്റില്‍ ചുരുങ്ങി. ഇത് രമേശ് ചെന്നിത്തലയുടെ കഴിവുകേടല്ലേ. അതെന്താ പറയാത്തത്. വ്യക്തിപൂജ അവസാനിപ്പിക്കണം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കെ ഒരു ജാതിമത സംഘടനകള്‍ക്കു മുന്നിലും മുട്ടുമടക്കിയിട്ടില്ല.

എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവച്ചത്. പക്ഷേ, സ്വന്തം കഴിവില്ലായ്മ മനസിലാക്കിക്കൊണ്ട് രമേശ് ചെന്നിത്തല മാറികൊടുക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. അദ്ദേഹം നിയമസഭയില്‍ എന്തു വൃത്തികേടാ പറഞ്ഞത്. ഗുരുവായൂര്‍ അമ്പലത്തില്‍ സാമൂഹിക വിരുദ്ധര്‍ കുടിവെള്ളം കമഴ്ത്തികളയാന്‍ അവിടത്തെ എം.എല്‍.എ. അബ്ദുള്‍ ഖാദര്‍ കൂട്ടുനിന്നു. അദ്ദേഹത്തിന് പ്രസാദ ഊട്ടിനെക്കുറിച്ച് പറയാന്‍ എന്താ അര്‍ഹതയെന്ന്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ ഇരിക്കുന്ന ഒരു ക്ഷേത്രമാണത്. ആ ക്ഷേത്രത്തിന്റെ അകത്തേക്ക് കേറാന്‍ പാടില്ല എന്നത് അവിടെ ഒരു നിയമം നിലനില്‍ക്കുന്നു എന്നുള്ളതുകൊണ്ടാണ്. പക്ഷേ, പുറത്തെ കാര്യങ്ങളില്‍ നൂറുശതമാനം അവിടുത്തെ എം.എല്‍.എയ്ക്ക് ഇടപെടാം.

ദേവസ്വം ബോര്‍ഡ് അമ്പലമാണിത്. ആ അമ്പലത്തിലെ പ്രസാദ ഊട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എയം.എല്‍.എയ്ക്ക് എന്താ അവകാശം എന്ന് ചോദിക്കുന്നത് പ്രതിപക്ഷ നേതാവിന് ചോദിക്കാന്‍ പറ്റുന്ന ചോദ്യമാണോ ഇത്. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ സംഘിനിലപാടുകളോടാണ് ഞങ്ങള്‍ക്ക് വെറുപ്പ്. അദ്ദേഹം മാറി കെ. മുരളീധരനെ പോലുള്ള മതേതര വിശ്വാസി അല്ലെങ്കില്‍ വി.ഡി. സതീശനെ പോലുള്ള ഒരാള്‍ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വരികതന്നെ വേണം. അതിനിപ്പം ആരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നും ശബ്ദസന്ദേശം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button