രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളി മാവോയിസ്റ്റ് ഭീകരതയാണ് എന്ന് പ്രധാനമന്ത്രിയായിരിക്കേ മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട്.ഈ മാവോയിസ്റ്റുകൾ ആണെങ്കിലോ സകലതും കാടിനുള്ളിൽ മറഞ്ഞിരിക്കുകയുമാണ്.ഇവരെ പിടിക്കാൻ വേണ്ടി ഗ്രീൻഹണ്ട് എന്നും തണ്ടർ ബോൾട്ട് എന്നുമൊക്കെ പറഞ്ഞു സേനയെ അയക്കുന്ന വകയിൽ മാത്രം എത്ര കോടി രൂപയാണെന്നോ വർഷാവർഷം സർക്കാർ ചിലവാക്കുന്നത്?
ഇവർക്കങ്ങനെ ഒളിഞ്ഞിരിക്കാൻ ഈ കാടില്ലെങ്കിൽ ഇപ്പറഞ്ഞ പ്രശ്നം വല്ലതുമുണ്ടോ?
ഭീകരരെ ചുമ്മാ പോലീസുകാർക്ക് നാട്ടിലെവിടെയെങ്കിലും വെച്ച് തന്നെ ഓടിച്ചിട്ട് പിടിക്കാലോ.
എത്ര ലാഭം? എത്രയേറെ സുരക്ഷ? എന്തെളുപ്പം? അതാണ് മണിയാശാൻ പറയുന്നത്.
കാട് പോയാൽ പല കാര്യവുമുണ്ട്.
കാടില്ലെങ്കിൽ കാട്ടു തീ ഉണ്ടാവുമോ?നമ്മുടെ വനാതിർത്തിയിലുള്ള ഗ്രാമങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അല്ലേ ശരിക്കുമത്?ഇന്ത്യയിലെ ആകെ കാടിന്റെ അമ്പത് ശതമാനവും കാട്ടുതീ സാധ്യത പ്രദേശങ്ങൾ കൂടിയാണെന്ന് ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യാ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.1995ലെ ഉത്തർപ്രദേശ്-ഹിമാചൽ കാട്ടുതീയിൽ മാത്രം ആറര ലക്ഷം ഹെക്ടർ ബാധിക്കപെട്ടിരുന്നു എന്നാണ് കണക്ക്.ഇതിനൊരു ശാശ്വത പരിഹാരം കൂടിയാവില്ലേ സമ്പൂർണ്ണമായ വന നശീകരണം?അതാണ് മണിയാശാൻ പറയുന്നത്.കാട് പോയാൽ പല കാര്യവുമുണ്ട്.
വനത്തോട് ചേർന്നുള്ള ജനവാസ മേഖലകളിൽ അനുഭവപ്പെടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം.കാടിറങ്ങി വരുന്ന ആനയും പുലിയും കാട്ടുപോത്തുമൊക്കെ കൃഷി നശിപ്പിക്കുകയും ഭീതി വിതയ്ക്കുകയും മാത്രമല്ല, കന്നുകാലികളുടേയും ചിലപ്പോൾ മനുഷ്യരുടെയും തന്നെ ജീവൻ എടുക്കുകയും ചെയ്യാറുണ്ട്.ഒന്നാലോചിച്ചു നോക്കൂ.വനവും വന്യജീവികളും ഒക്കെ ഇല്ലാതായാൽ അതിനോടൊപ്പം ഈ വന്യജീവി ആക്രമണങ്ങളും ഇല്ലാതാവില്ലേ? അതാണ് മണിയാശാൻ പറയുന്നത്.കാട് പോയാൽ പല കാര്യവുമുണ്ട്.
അതോണ്ട് നമുക്ക് കാടൊക്കെ വെട്ടിതളിച്ച് കുറെയേറെ കറന്റ് കൂടിയുണ്ടാക്കണം.അല്ലെങ്കിൽ തന്നെ കറന്റ് ഇല്ലാതെ കാടും മഴയും വെള്ളവും കിട്ടിയിട്ടെന്തിനാ? വെള്ളത്തിന്റെ ഏറ്റവും പ്രധാന ഭാവമായ ഐസ് ക്യൂബ് ഉണ്ടാകണമെങ്കിൽ പോലും കറന്റിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് വേണ്ടേ ഹേ?അപ്പൊ അതാ പറയുന്നത് കാടല്ല, കറന്റാണ് പ്രശ്നം എന്ന്.
ആവശ്യാനുസരണം കറന്റ് ഉണ്ടായിരുന്നെങ്കിൽ നമ്മളിന്നനുഭവിക്കുന്ന പല പ്രശ്നങ്ങളും ഇത്രയേറെ രൂക്ഷമാകുമായിരുന്നില്ല. സമയത്തിന് കറന്റ് അടിപ്പിക്കാത്തത് തന്നെയാണല്ലോ ശരിക്കുമുള്ള പ്രശ്നം.
#മണിയാശാനൊപ്പം.
Post Your Comments