ന്യൂഡല്‍ഹി: ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും രാജ്യത്തെ പ്രധാന അധികാരസ്ഥാനങ്ങള്‍ കൈയടക്കുന്ന അവിവാഹിതരുടെ എണ്ണവും ഉയരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ അവിവാഹിതരായ മുഖ്യമന്ത്രിമാരുടെ എണ്ണം ആറായി വര്‍ദ്ധിച്ചു.
ഇതില്‍ നാലു പേര്‍ ബി.ജെ.പിയില്‍ നിന്നുള്ളവരാണ്. അസം- സര്‍ബാനന്ദ സോനോവാള്‍ (54), ഹരിയാന – മനോഹര്‍ ലാല്‍ ഖട്ടര്‍ (62), ഉത്തരാഖണ്ഡ്- ത്രിവേന്ദ്ര സിംഗ് റാവത്ത് (56), ഉത്തര്‍പ്രദേശ്- യോഗി ആദിത്യനാഥ് (44) എന്നിവരാണ് ബി.ജെ.പി മുഖ്യമന്ത്രിമാര്‍.
ഒഡീഷയിലെ ബി.ജെ.ഡി നേതാവ് നവീന്‍ പട്‌നായിക് (70), ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി (62)യും നിലവിലെ അവിവാഹിത മുഖ്യമന്ത്രിമാരുടെ പട്ടികയിലുള്ളവരാണ്. ഈയിടെ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും അവിവാഹിതയായിരുന്നു.
ചെറുപ്പത്തില്‍ വിവാഹം ചെയ്തിട്ടുണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി ദാമ്പത്യ ജീവിതത്തില്‍ നിന്ന് അകലം പാലിക്കുന്നയാളാണ്. മുമ്പ് നടന്നിട്ടുള്ള പല തിരഞ്ഞെടുപ്പ് റാലികളിലും, താന്‍ കുടംബ ബന്ധങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ജനപ്രിയ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി എന്നിവരും അവിവാഹിതരായിരുന്നു. കൂടാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, ബി.എസ്.പി നേതാവ് മായാവതിയും കേന്ദ്രമന്ത്രി ഉമാഭാരതിയും ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായ അവിവാഹിതരാണ്.
കാരണങ്ങള്‍:
സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍ മുഖ്യ പ്രചാരണ വിഷയം അഴിമതിയായിരുന്നു. അതിനാല്‍ കുടുംബ ബന്ധങ്ങളില്‍ നിന്നും അകലം പാലിക്കുന്നവര്‍ക്ക് ജനങ്ങള്‍ക്കിടെയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ പൊതുവിലയിരുത്തല്‍. കൂടാതെ സ്വജനപക്ഷപാതം ചര്‍ച്ചാ വിഷയമാകുമ്പോഴും അവിവാഹിതര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
Post Your Comments