കൊച്ചി: കൊച്ചിയിൽ കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ ചിത്രമെന്ന് പോലീസ്. മിഷേലിന്റെ മൃതദേഹത്തിന്റെ ചിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തി സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടക്കുന്നതായി പോലീസ് പറയുന്നു. കാണാതാകുമ്പോൾ മിഷേൽ ധരിച്ചിരുന്ന വസ്ത്രമല്ല മൃതദേഹത്തിലുണ്ടായിരുന്നത് എന്ന തരത്തിലാണു പ്രചരണം നടത്തുന്നതെന്നും ഇതിനായി മൃതദേഹത്തിന്റെ ചിത്രത്തിൽ വ്യത്യാസം വരുത്തിയെന്നു പോലീസ് പറയുന്നു.
ഈ ചിത്രം വ്യാപിക്കുന്നത് മിഷേലിന്റെ പേരിൽ ഫെയ്‌സ് ബുക്കിൽ ആരംഭിച്ച പേജുകളിലൂടെയും ചില വാട്‌സാപ് ഗ്രൂപ്പുകളിലൂടെയുമാണ്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.
അതേസമയം ക്രൈംബ്രാഞ്ച് മിഷേൽ ഷാജിയെ കാണാതായ ദിവസത്തെ കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കലൂർ പള്ളിയിൽ ഈമാസം അഞ്ചിനു വൈകിട്ട് പ്രാർത്ഥിക്കുന്ന മിഷേലിന്റെ ദൃശ്യം വ്യക്തമാണ്. ഇതിനു ശേഷം രാത്രി ഏഴുമണിയോടെ ഹൈക്കോടതി ജംക്ഷനിൽ നിന്നു ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്കു നടന്നുപോകുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു. ഇതിനിടയിലുള്ള മൂന്നു കിലോമീറ്ററിൽ എന്തു സംഭവിച്ചെന്നും ആരെങ്കിലും പിന്തുടർന്നോയെന്നുമാണു ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.
രാത്രി ഏഴുമണിയോടെ ഗോശ്രീ പാലത്തിൽ രണ്ടുപേർ കണ്ടുവെന്നു പറഞ്ഞ പെൺകുട്ടി മിഷേലാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.
പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ ബൈക്കിൽ രണ്ടു പേർ പിന്തുടർന്നിരുന്നുവെന്ന മാതാപിതാക്കളുടെ ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. കലൂർ പള്ളിയിൽ നിന്നു ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളിലാണ് ഈ സൂചന ലഭിച്ചത്.
Post Your Comments