
ലക്‌നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ‘ഉത്തംപ്രദേശ്’ (നല്ലനാട്) ആക്കിമാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി യുപി സര്‍ക്കാരിനെക്കുറിച്ച് വ്യക്തമാക്കിയത്. യോഗി ആദിത്യനാഥിന്റെ പുതിയ 50 അംഗമന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ഉത്തര്‍പ്രദേശ് വികസിച്ചാല്‍ രാജ്യം വികസിക്കും. ഞങ്ങളുടെ പ്രധാനലക്ഷ്യം വികസനമാണ്. യുപിയിലെ യുവാക്കള്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരെ മോദി പ്രത്യേകം ആശംസ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനയും കഠിനാധ്വാനവും മൂലം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments