NewsIndia

കണ്ടെയ്‌നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് വിവരം; രാജ്യവ്യാപക പരിശോധന

ന്യൂ ഡൽഹി : കണ്ടെയ്‌നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് വിവരത്തെ തുടർന്ന് രാജ്യവ്യാപക പരിശോധന. രാജ്യത്തെ പല തുറമുഖങ്ങളിലും പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളുമായി കണ്ടെയ്നറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പരിശോധന ആരംഭിച്ചു. മുംബൈയിൽ കപ്പലുകൾവഴി വന്ന കണ്ടെയ്നറുകൾ പരിശോധിച്ചു വരികയാണ്. ഡൽഹിയിലെ തുഗ്ലക്കാബാദിലെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിൽ രാത്രി വൈകിയും പരിശോധന തുടരുന്നതായാണ് വിവരം. ബംഗ്ലദേശ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു നാലു കണ്ടെയ്നറുകളിലായി കള്ളനോട്ടുകൾ എത്തിയെന്നാണ് വിവരം. നിലവില്‍  ഈ കണ്ടെയ്നറുകൾ കണ്ടെത്തിയതായി വിവരമില്ല.

പരിശോധനയെ തുടർന്ന് ചെന്നൈ തുറമുഖത്തെത്തിയ കണ്ടെയ്നറുകളൊന്നും പുറത്തേക്ക് അയയ്ക്കുന്നില്ല. സ്കാനിങ് സംവിധാനങ്ങളുപയോഗിച്ച് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുകയാണ്. ഡൽഹിയിൽനിന്നുൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ ചെന്നൈയിലെത്തിയിട്ടുണ്ട്.  മാർച്ച് ഒന്നിനുശേഷം ചെന്നൈ തുറമുഖത്ത് എത്തിയ കണ്ടെയ്നറുകളെല്ലാം വിശദപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ടെന്നാണു സൂചന. ഇതിനാൽ തുറമുഖത്തെ ചരക്കുനീക്കം പൂർണമായി തടസ്സപ്പെട്ടിരുന്നെന്നും, ഇന്നലെ ഉച്ചയ്ക്കുശേഷം കണ്ടെയ്നർ നീക്കം പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ചരക്കുനീക്കം പൂർണമായി നിർത്തിവച്ചുള്ള പരിശോധന വളരെ അപൂർവമായി മാത്രമേ നടത്താറുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

അടുത്തകാലത്തു ബംഗാളിലെ മാൾഡയിൽനിന്നു ദേശീയ അന്വേഷണ ഏജൻസി രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ പിടികൂടിയിരുന്നു. ബംഗ്ലദേശിൽനിന്നു ലഭിച്ചതാണിതെന്ന് കൈവശമുണ്ടായിരുന്നയാൾ പറഞ്ഞു. ഇതിന് ശേഷം പുതിയ കള്ളനോട്ടുകൾ വിതരണം ചെയ്ത പത്തുപേരുടെ സംഘത്തെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. ഇതോടെയാണു പുതിയ കറൻസികളുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നതായി വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button