തിരുവനന്തപുരം : മലപ്പുറത്തെ ഇടതുസ്ഥാനാര്‍ഥി ഈ രണ്ടുപേരില്‍ ഒരാളെന്ന് സൂചന. പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ രംഗത്തിറക്കി മുസ്ലീംലീംഗ് അനൗപചാരിക പ്രചരണം ആരംഭിച്ചതിനാൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന് കണ്ടെത്തി പ്രചരണം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. പികെ സൈനബ എന്ന വനിതയെ കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയാക്കി മലപ്പുറത്ത് എല്‍ഡിഎഫ് നടത്തിയ നീക്കം ഇഅഹമ്മദിന് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് നേടിക്കൊടുത്തത്. അതിനാല്‍ ഒരു യുവനേതാവിനെ രംഗത്തിറക്കി മത്സരം കൊഴുപ്പിക്കാനാണ് ഇപ്പോള്‍ പാർട്ടി ആലോചിക്കുന്നത്.
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്, കര്‍ഷകസംഘം നേതാവ് ടികെ റഷീദലി, മുന്‍ എംപി ടികെ ഹംസ, എസ്എഫ്‌ഐ നേതാവ് വിപി സാനു, വികെ അഷ്‌റഫ് തുടങ്ങിയ നേതാക്കളെയാണ് നിലവില്‍ സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നത്. ഇവരില്‍ തന്നെ റിയാസിനും റഷീദലിക്കുമാണ് കൂടുതല്‍ സാധ്യത.
ഡിവൈഎഫ്‌ഐ അഖിലേന്ത്യനേതാവ് എന്ന നിലയില്‍ റിയാസ് ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ 2009- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിച്ച റിയാസ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്നത് റിയാസിനാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മങ്കടയില്‍ മത്സരിച്ച ടികെ റഷീദലി ലീഗിന് കടുത്ത എതിരാളി ആയിരുന്നു. മികച്ച നേതാവ് എന്ന പ്രതിച്ഛായയുള്ള റഷീദലിയെ രംഗത്തിറക്കിയാല്‍ നല്ലൊരു മത്സരം നടത്താന്‍ സാധിക്കും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇവര്‍ രണ്ട് പേരുമല്ലെങ്കില്‍ മഞ്ചേരി സീറ്റ് പിടിച്ച് അത്ഭുതം സൃഷ്ടിച്ച ടികെ ഹംസയോ, വികെ അഷ്‌റഫോ, എസ്എഫ്‌ഐ നേതാവ് വിപി സാനുവോ സിപിഎ സ്ഥാനാര്‍ത്ഥിയായി എത്തിയേക്കാം.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണ് മലപ്പുറത്ത് നടക്കാൻ പോകുന്നത്. ഉപതിരഞ്ഞെടുപ്പിലെ ഫലം സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിപ്പിക്കുന്നതിനാൽ കഴിഞ്ഞ തവണത്തേതിലും മെച്ചപ്പെട്ട വോട്ട് വിഹിതം പാര്‍ട്ടി ആഗ്രഹിക്കുന്നു.
Post Your Comments