കൊച്ചി•കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് മിഷേലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ക്രോണിന്റെ വിചിത്ര സ്വഭാവം മൂലമുള്ള മാനസിക സമ്മര്‍ദ്ദമായിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. നേരത്തെ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
സംശയ രോഗിയായ ക്രോണിന്‍ മിഷേലുമായി നിരന്തരം കലഹിച്ചിരുന്നു. മറ്റു ആരുമായും മിഷേല്‍ അടുക്കുന്നതോ സംസാരിക്കുന്നതോ ക്രോണിന് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരില്‍ ഇവര്‍ പലപ്പോഴും വഴക്കിട്ടിരുന്നു. മിഷേല്‍ തന്നെ പൂര്‍ണ്ണമായും അനുസരിക്കണമെന്ന വാശിയും ഇയാള്‍ക്കുണ്ടായിരുന്നു.
ക്രോണിന്റെ വിചിത്ര സ്വഭാവവുമായി യോജിച്ചു പോകാനാവില്ലെന്ന് മിഷേൽ നിരവധി തവണ തന്നോട് പറഞ്ഞിരുന്നതായി ചെന്നൈയിൽ ഉപരിപഠനം നടത്തുന്ന കൂട്ടുകാരി മൊഴി നൽകിയിരുന്നു. ക്രോണിന്റെ ശല്യം മൂലം പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ ഒരു ഘട്ടത്തില്‍ മിഷേല്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ അന്നും ആത്മഹത്യ ഭീഷണി മുഴക്കി ക്രോണിന്‍ അവളെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. മറ്റൊരു യുവാവുമായി മിഷേലിനുണ്ടായ സൗഹൃദത്തെ ചൊല്ലിയും മിഷേലും ക്രോണിനും തമ്മിൽ കലഹം പതിവായിരുന്നു. ഇടയ്ക്ക് കൊച്ചിയിലെത്തിയിരുന്ന ക്രോണിൻ ഒരുവട്ടം മിഷേലിനെ തല്ലിയതായും സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. മിഷേലിന്റെ സുഹൃത്തായ ക്രിസ്റ്റിയെ ഫോണിൽ വിളിച്ച് ക്രോണിൻ നിരന്തരം താക്കീത് ചെയ്തിട്ടുണ്ട്. ഇവർ തമ്മിൽ അരമണിക്കൂറോളം സംസാരിച്ചതിന്റെ കാൾ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി.
മിഷേലിനെ കാണാതായ ഞായറാഴ്ച രാവിലെ മുതൽ ക്രോണിൻ വിളിച്ച് വഴക്കുണ്ടാക്കുകയും നിരന്തരം മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് മിഷേൽ ക്രോണിന്റെ ഫോൺ എടുത്തില്ല. അസ്വസ്ഥനായ ക്രോണിൻ സ്വന്തം അമ്മയെ വിളിച്ച് മിഷേൽ ഫോണെടുക്കുന്നില്ലെന്നും ഇങ്ങനെ പോയാൽ താൻ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. തുടർന്ന് അവർ മിഷേലിനെ വിളിക്കുകയും മിഷേൽ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും വിളിച്ച ക്രോണിൻ ‘നീ എന്നെ ഒഴിവാക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ താൻ മരിക്കുമെന്നും’ പറഞ്ഞു. എന്നാൽ ‘നീ മരിക്കണ്ട, ഞാൻ മരിക്കാം’ എന്നായിരുന്നു മിഷേലിന്റെ മറുപടി. വീണ്ടും കലഹം മൂർച്ഛിച്ചപ്പോഴാണ് ‘ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും’ എന്ന് മിഷേൽ പറഞ്ഞത്. ‘എന്നെ ഒഴിവാക്കാനാണ് തീരുമാനമെങ്കിൽ എന്റെ ശവമാകും നീ കാണുക’ എന്ന് ക്രോണിൻ മറുപടിയും പറഞ്ഞു. ഇങ്ങനെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ജീവിതം അവസാനിപ്പിക്കാന്‍ മിഷേല്‍ തീരുമാനം എടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ഇവരുടെ അടുപ്പം സംബന്ധിച്ച് വീട്ടുകാർക്ക് സൂചനകളുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. ക്രോണിനും മിഷേലും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്ന ഫോട്ടോകളും അന്വേഷണസംഘം ക്രോണിന്റെ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞ് മിഷേല്‍ രണ്ട് തവണ വിളിച്ചിരുന്നു. രാവിലെ വിളിച്ചപ്പോൾ ഒരു ചടങ്ങിന് പോകാനുള്ളതിനാൽ വരാനാവില്ലെന്ന് വീട്ടുകാർ പറഞ്ഞു. പിന്നെ വൈകീട്ടും കാണണം എന്നാവശ്യപ്പെട്ട് വിളിച്ചു. ഇപ്പോൾ വന്നാൽ അധിക നേരം കാണാൻ പറ്റില്ലല്ലോ, നിനക്ക് ഏഴു മണിക്ക് ഹോസ്റ്റലിനകത്ത് കേറണ്ടേ എന്നു പറഞ്ഞ് വീട്ടുകാർ ഒഴിവായി. പിറ്റേന്ന് പരീക്ഷയായതിനാലാണ് തങ്ങള്‍ പോകാതിരുന്നതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതിന് ശേഷമാണ് മിഷേല്‍ പുറത്തിറങ്ങി പള്ളിയില്‍ പോയത്. പള്ളിയില്‍ നിന്നിറങ്ങിയ മിഷേല്‍ ബസിൽ ഹൈക്കോടതിക്ക് സമീപമെത്തിയ ശേഷം നടന്ന് ഗോശ്രീ പാലത്തിലേക്ക് നടന്ന് പോയെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Post Your Comments