തേഞ്ഞിപ്പലം•കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമാ കോളജില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍. ഡിഗ്രി മൂന്നാം സെമസ്റ്ററിനു പഠിക്കുന്ന 18 പെണ്‍കുട്ടികളാണ് അധ്യാപകനെതിരേ ക്ലാസ് അധ്യാപിക മുഖേന പ്രിന്‍സിപ്പലിനു പരാതിനല്‍കിയത്. ഫെബ്രുവരി 13ന് നല്‍കിയ പരാതിയില്‍ തീരുമാനമുണ്ടാവാതിരുന്നപ്പോള്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രശ്‌നമേറ്റെടുത്തിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടികള്‍ കോളജ് മാനേജര്‍ക്കും പരാതിനല്‍കി. എന്നാല്‍ പ്രിന്‍സിപ്പല്‍, പള്ളിയിലെ അച്ഛന്‍, വനിതാ അധ്യാപിക, സ്റ്റാഫ് സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന സമിതി പരാതിക്കാരായ പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15നു പരാതി കിട്ടിയിട്ടില്ലെന്നും മാര്‍ച്ച് 13നാണു പെണ്‍കുട്ടികള്‍ പരാതി തന്നതെന്നും ഇതനുസരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. റെയ്‌നാ തോമസ് പ്രതികരിച്ചു. പരാതിക്കാരായ പെണ്‍കുട്ടികളുടെ ക്ലാസില്‍ നിന്ന് അധ്യാപകനെ മാറ്റിനിര്‍ത്തി കോളജില്‍ നിലനിര്‍ത്താമെന്ന തീരുമാനത്തെ പെണ്‍കുട്ടികള്‍ എതിര്‍ത്തു. ഇനിയും നടപടിയില്ലെങ്കില്‍ പ്രിന്‍സിപ്പലിനെതിരേ ഉപരോധസമരമുള്‍പ്പെടെ നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments