ന്യൂഡൽഹി: രാജ്യത്തെ 206 രാഷ്ട്രീയ പാർട്ടികളെ കാണാനില്ലെന്ന് ധനകാര്യ സഹമന്ത്രി സന്തോഷ്കുമാർ ഗാങ്വാർ അറിയിച്ചു. 32 പാർട്ടികൾ ശ്വാസം നിലച്ച നിലയിലുമാണെന്ന് രാജ്യസഭയിലെ ചോദ്യത്തിനു മറുപടിയായി സന്തോഷ്കുമാർ ഗാങ്വാർ പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് 255 രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക വിവരങ്ങൾ ആദായനികുതി വകുപ്പിനോട് തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടത്. ഈ പാർട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ഇല്ലാത്തവയാണ് ഇവ. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇതിൽ 206 പാർട്ടികളെപ്പറ്റി ഒരു വിവരവും ഇല്ലെന്ന് കണ്ടെത്തിയത്. ഇതിൽ 32 പാർട്ടികൾ നിലവിലുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല എന്നു മനസ്സിലായി.
പാൻ നമ്പർ ഉള്ള പാർട്ടികളുടെ എണ്ണം 17 മാത്രമായിരുന്നു. ഇതിൽ നാലു പാർട്ടികൾ മാത്രമാണ് ആദായനികുതി വകുപ്പിന് മറുപടി നൽകിയത്. പരിധിക്കു താഴെ മാത്രമാണ് തങ്ങൾക്കു കിട്ടിയ സംഭാവന എന്നായിരുന്നു അവരുടെ മറുപടി.
Post Your Comments