ഗുവാഹട്ടി : പൊതുപരിപാടിയില്‍ പാടരുതെന്ന മതപുരോഹിതരുടെ വിലക്കിനെതിരെ പ്രതികരിച്ച് യുവ അസമീസ് ഗായിക നഹീദ് അഫ്രീന്‍. മാര്‍ച്ച് 25ന് ഉദാലി സോണായി ബീബി കോളേജില്‍ അഫ്രിന്‍ അവതരിപ്പിക്കുന്ന പരിപാടി ശരിയത്തിന് എതിരാണെന്നാണ് ഫത്വയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളില്‍ സംഗീത രാത്രികള്‍ നടത്തുന്നതും ശരിയത്തിന് എതിരാണെന്നും പറയുന്നുണ്ട്.
എന്നാല്‍ ഫത്ഫയെ ഭയമില്ലെന്നും സംഗീതം തുടരുക തന്നെ ചെയ്യുമെന്നും അഫ്രീന്‍ വ്യക്തമാക്കി. പൊതുപരിപാടിയില്‍ പാടുന്നതിനെതിരെ പുരോഹിതര്‍ ഫത്ഫ പുറപ്പെടുവിച്ച തീരുമാനം ഞെട്ടിച്ചു. എന്നാല്‍ ഒരുപാട് മുസ്ലീം ഗായകര്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒരിക്കലും സംഗീത ലോകത്ത് നിന്ന് വിട്ട് നില്‍ക്കരുതെന്നാണ് ഇവര്‍ നല്‍കിയ ഉപദേശമെന്നും അഫ്‌റിന്‍ കൂട്ടിച്ചേര്‍ത്തു. എനിക്ക് കിട്ടിയ സംഗീതവാസന ദൈവം നല്‍കിയ സമ്മാനമായാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഞാന്‍ കൃത്യമായി പ്രയോജനപ്പെടുത്തും. ദൈവത്തെ അവഗണിക്കാന്‍ ഞാന്‍ തയ്യാറല്ലെന്നും അഫ്‌റിന്‍ വ്യക്തമാക്കി.
2015ല്‍ സീ.ടി.വിയുടെ മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപായുടെ റണ്ണറപ്പായിരുന്നു അഫ്രീന്‍. ഈ മാസം 25 ന് നടക്കാനിരിക്കുന്ന അഫ്രീനിന്റെ സംഗീത പരിപാടി മുന്നില്‍ കണ്ടാണ് ഫത്വ പുറത്തിറക്കിയതെന്നാണ് കരുതപ്പെടുന്നത്. അകിറ എന്ന ചിത്രത്തിലൂടെ നഫ്രിന്‍ ബോളിവുഡിലും അരങ്ങേറിയിരുന്നു.
Post Your Comments