ജീവിക്കാനായി തട്ടുകട നടത്തുന്ന മലയാള ചലച്ചിത്ര നടിയായ സ്നേഹയുടെ ജീവിതം ശ്രദ്ധേയമാകുന്നു. എറണാകുളം മഹാരാജാസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് സ്നേഹ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിലാണ് സ്നേഹയുടെ തട്ടുകട. കോളേജിൽ പോകുമ്പോൾ അമ്മ വിജയമ്മയാണ് കട നോക്കുന്നത്. ഹരിപ്പാട് അമ്പലത്തിലെ വിശേഷദിവസങ്ങളിൽ സ്നേഹ കോളേജിൽ പോകാറില്ല. കച്ചവടം കൂടുതൽ കിട്ടുന്ന ദിവസങ്ങളതാണ്. അമ്മയ്ക്കും സ്നേഹയ്ക്കും ഭക്ഷണത്തിനുള്ള വകയും വീട്ടുവാടകയും കണ്ടെത്തുന്നത് ഈ കടയിൽ നിന്ന് കിട്ടുന്ന വരുമാനത്തിലാണ്. ഇടയ്ക്ക് സിനിമയിലും സീരിയലുകളിലും കോമഡി പരിപാടികളിലുമെല്ലാം തലകാണിക്കും. അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുമ്പ് മരിച്ചതോടെയാണ് പട്ടിണിയിൽ നിന്ന് രക്ഷ നേടാനും പഠനം പൂർത്തിയാക്കാനുമായി സ്നേഹ തട്ടുകട തുടങ്ങിയത്.
മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്നേഹയാണ്. ദിലീപ് നായകനായ വില്ലാളിവീരൻ, ശേഷം കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്നേഹയ്ക്ക് ലഭിച്ചിട്ടുണ്ട്.
Post Your Comments