പഠാന്‍കോട്ട് : കഴിഞ്ഞ വര്‍ഷം ഭീകരാക്രമണമുണ്ടായ പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേന താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. അജ്ഞാതനായ വ്യക്തിയുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തമായ തിരച്ചിലാണ് വ്യോമസേന താവളത്തില്‍ നടക്കുന്നത്. പഞ്ചാബ് പൊലീസ്, സൈന്യം, വ്യോമസേന, ഹിമാചല്‍ പ്രദേശ് പൊലീസ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഇന്റലിജന്‍സ് വിവരത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരച്ചിലെന്നും അഞ്ഞൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കുന്നുവെന്നും പഠാന്‍കോട്ട് എസ്എസ്പി അറിയിച്ചു. പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലും അതിനോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലും വ്യോമസേനാ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലങ്ങളിലുമാണ് തിരച്ചില്‍.
ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് നിരീക്ഷണമെന്നും എസ്എസ്പി പറഞ്ഞു. എന്തെങ്കിലും രീതിയുള്ള അസ്വാഭാവിക നീക്കങ്ങള്‍ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി 1-2 തിയതികളിലാണ് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയത്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. നാലു ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. 2015 ജൂലൈ 27ന് ഗുര്‍ദാസ്പൂരിലും ഭീകരാക്രമണം ഉണ്ടായിരുന്നു. സൈനിക യൂണിഫോമില്‍ എത്തിയ മൂന്നു ഭീകരര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ഏഴു പേരാണ് അന്നത്തെ ആക്രമണത്തില്‍ മരിച്ചത്.
Post Your Comments