വളപുരം•മലപ്പുറം മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിയമവിരുദ്ധമായ രാഷ്ട്രീയ പ്രചരണ വസ്തുക്കൾക്ക് പൊതുസ്ഥലങ്ങളിലും നിരത്തുകളിലും കൂച്ചു വിലക്കിട്ട് നിയമപാലകർ. തെരഞ്ഞെടുപ്പ് കമീഷൻറെ പ്രത്യേക നിയമപ്രകാരം ടൗണുകളിൽനിന്നും 100 മീറ്റർ ചുറ്റളവിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു രാഷ്ട്രീയ പാർട്ടികളുടെ തോരണങ്ങളും മറ്റും കെട്ടാനും പതിക്കാനും പാടില്ല. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ഇതിനു വിരുദ്ധമായി വളപുരം അങ്ങാടിയിലും പരിസരങ്ങളിലും റോഡുകളും മറ്റുമായി രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങൾ പതിച്ചും എഴുതിയും കീഴടക്കിയിരുന്നു, ഇതാണ് നിയമപാലകർ ഇടപെട്ട് നീക്കുവാൻ കർശന നിർദേശം നൽകിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ സംഘർഷത്തിൽ എത്തിയ വളപുരത്തെ രാഷ്ട്രീയ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ അന്നും പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത് . ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രാദേശിക നേതാക്കന്മാരെ കൊളത്തൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു നടന്ന ചർച്ചയിലാണ് ഇന്ന് വൈകിട്ടോടെ വളപുരം സെന്ററിൽ തിരഞ്ഞെടുപ്പോടനുബന്ധിച്ചു സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ പ്രവർത്തകർ ഇടപെട്ട് റോഡിൽ എഴുതിയ പ്രചാരണ ചിഹ്നങ്ങൾ നീക്കം ചെയ്തു . കൊളത്തൂർ പൊലീസിന്റെ അവസരോചിതമായ ഇടപെടലിൽ നാട്ടുകാരും ഏറേ ആശ്വാസത്തിലാണ്.
വികെ ബൈജു.
Post Your Comments