പിറവം : മിഷേലിന്റെ മരണത്തില്‍ പൊലീസ് തയ്യാറാക്കിയ തിരക്കഥ പൊളിയുന്നു. ആത്മഹത്യയാക്കി കേസ് എടുക്കുകയും ഫയല്‍ ക്ലോസ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുകയും ചെയ്യുകയാണെന്ന് ആരോപിച്ച് മിഷേലിന്റെ മാതാപിതാക്കളും ബന്ധുക്കളും രംഗത്ത് വന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രതി ക്ലോണ്‍ തങ്ങളുടെ ബന്ധുവല്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ബന്ധുവാണെന്ന് പൊലീസ് പറയുന്നതിനെ ഇവര്‍ ചോദ്യം ചെയ്തു. ഇയാളെ മുന്‍പ് കണ്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്റെ ശല്യം മൂലം മിഷേലിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് പൊലീസ് വരുത്തി തീര്‍ക്കുകയാണെന്നും മകള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് ഷാജി വര്‍ഗീസ് പറയുന്നു.
‘നമ്മള്‍ക്കൊക്കെ ജീവിക്കേണ്ടേ ഇവിടെ ?…എന്തു വിശ്വസിച്ചാ പുറത്തേക്കിറങ്ങുക’ പൊട്ടിക്കരഞ്ഞുകൊണ്ടു സൈലമ്മ പറയുമ്പോള്‍ അതു ഭൂമിമലയാളത്തിലെ എല്ലാ അമ്മമാരുടെയും നൊമ്പരമാകുന്നു. ദിവസങ്ങള്‍ക്കു മുന്‍പു കളിചിരിയുമായി തന്നോടു സംസാരിച്ചിരുന്ന മകള്‍ ഈ ലോകം വിട്ടുപോയതിന്റെ തീരാവേദനയിലാണവര്‍; കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ അമ്മ.
ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളില്‍ നിന്നു തൊണ്ണൂറു ശതമാനത്തോളം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷമാണു മിഷേല്‍ സിഎ പഠനത്തിനു ചേരുന്നത്. ഫൗണ്ടേഷന്‍ പരീക്ഷ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ ഏറെ സന്തോഷിച്ചു. ഇന്ററിന്റെ ക്ലാസുകള്‍ ആരംഭിച്ചതു ഫെബ്രുവരി ഒന്നിന്. മകള്‍ പഠിച്ചു മുന്നേറുന്നതു സ്വപ്നം കണ്ട മാതാപിതാക്കള്‍ക്കു വേദനയേറിയ അനുഭവങ്ങളാണ് പിന്നീടുണ്ടായത്.
അഞ്ചാം തീയതി രാവിലെ ഏഴിനും വൈകിട്ടു മൂന്നിനും മിഷേല്‍ വീട്ടിലേക്കു ഫോണ്‍ ചെയ്തിരുന്നു. രാവിലെ വിളിച്ചപ്പോള്‍ മാതാപിതാക്കളോടും അനുജനോടും ഹോസ്റ്റലിലേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നു. അവധി ദിവസങ്ങളില്‍ സാധാരണ വീട്ടിലേക്കു വരികയാണു പതിവെങ്കിലും പരീക്ഷയായതിനാല്‍ ഇത്തവണ വരേണ്ടെന്നു വീട്ടുകാര്‍ പറയുകയായിരുന്നു. വീട്ടിലെത്താന്‍ സാധിക്കാത്തതിനാലാണു കുടുംബാംഗങ്ങളോടു ഹോസ്റ്റലിലേക്കു വരാന്‍ ആവശ്യപ്പെട്ടത്. വൈകിട്ടു മൂന്നിനു കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നു കലൂരിലെ പള്ളിയിലേക്കു പോകുന്നതിനു മുന്‍പും വീട്ടിലേക്കു വിളിയെത്തി.
പിന്നീടാണു മിഷേലിനെ കാണാതാകുന്നത്. ചാര്‍ജ് തീര്‍ന്നു മൊബൈല്‍ ഓഫ് ആയതാകുമെന്നും മകളുടെ ഫോണ്‍ വിളി തന്നെ തേടിയെത്തുമെന്നും കാത്തിരുന്ന സൈലമ്മയെയും കുടുംബത്തെയും തേടിയെത്തിയതു മിഷേലിനെ കാണാനില്ലെന്ന വാര്‍ത്ത. രാത്രി പതിനൊന്നോടെ പരാതിയുമായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നു പിതാവ് ഷാജി വര്‍ഗീസ് പറയുന്നു.
കുട്ടിയെ കാണാതായി ആറു ദിവസവും യാതൊരു അന്വേഷണവും നടത്താതെ പൊലീസ് മുന്‍വിധിയോടെ ആത്മഹത്യയാണെന്ന് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുകയാണ്. കേവലം ഒരു ദിവസം കൊണ്ട് മാത്രം കാരണം കണ്ടെത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കുട്ടിയെ കാണാതായി എന്നറിഞ്ഞ് എറണാകുളത്തെ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഇവിടെ അവഗണനയാണ് ലഭിച്ചത്. 18 വയസുള്ള പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നതെന്നും മൊബൈല്‍ കൈവശമുള്ളതിനാല്‍ ടവര്‍ ലൊക്കേറ്റ് ചെയ്ത് കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് പിതാവ് ഷാജി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് ചോദിച്ചത്. എന്നാല്‍ എസ്.ഐ നാളെ രാവിലയേ സ്‌റ്റേഷനില്‍ എത്തുകയുള്ളൂവെന്നുള്ള അലസമായ മറുപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പിതാവ് ഷാജി ആരോപിച്ചു.
പിറ്റേ ദിവസം വീണ്ടും പൊലീസിനെ സമീപിച്ചുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. വൈകുന്നേരം അഞ്ചോടെ കായലില്‍ നിന്ന് മൃതദേഹം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പൊലീസ് പിന്നെ തങ്ങളെ അറിയിച്ചത്. കാണാതായപ്പോള്‍ കൊടുത്ത പരാതിയില്‍ യാതൊരു അന്വേഷണവും നടത്താതെ ഇപ്പോള്‍ ആത്മഹത്യാണെന്ന് പൊലീസ് പറയുന്നതിനു പിന്നില്‍ എന്ത് ന്യായമാണ് ഉള്ളതെന്നും പിതാവ് ഷാജി ചോദിക്കുന്നു. കായലിലേയ്ക്ക് മിഷേലിനെ ബലമായി ഇടുത്തിട്ടതാണെങ്കില്‍ പോലും വെള്ളം കുടിച്ച് മരിയ്ക്കും അതും ആത്മഹത്യയാകുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
Post Your Comments