Kerala

അറസ്റ്റിലായ ക്രോണിനെക്കുറിച്ച് മിഷേലിന്റെ സഹപാഠിയുടെ മൊഴി പുറത്ത്

കൊച്ചി : മിഷേല്‍ ഷാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ക്രോണിനെക്കുറിച്ച് മിഷേലിന്റെ സഹപാഠിയുടെ മൊഴി പുറത്ത്. നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണിനില്‍ നിന്നും രക്ഷപ്പെടാനായി മിഷേല്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നതായും മിഷേലിന്റെ സഹപാഠി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യം അറിഞ്ഞ ക്രോണിന്‍ അതിന് സമ്മതിക്കാതെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നും സഹപാഠി പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയെന്ന മിഷേലിന്റെ സഹപാഠിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സംഭവം ആത്മഹത്യയാണെന്നും നിരന്തര മാനസിക പീഡനം മിഷേലിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു എന്നുമാണ് അന്വേഷണസംഘം പറയുന്നത്.

നേരത്തേ കോട്ടയത്ത് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിച്ചുകൊണ്ടിരിക്കെ മിഷേലുമായി അടുത്ത മറ്റൊരു യുവാവിനെയും ക്രോണിന്‍ ഇങ്ങിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സഹപാഠിയുടെ മൊഴിയിലുണ്ട്. കലൂരില്‍ ഒരു ചായക്കടയ്ക്ക് സമീപം വച്ച് ക്രോണിന്‍ മിഷേലിനെ തല്ലിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. അതേസമയം സംഭവത്തില്‍ പൊലീസ് കാട്ടിയ നിഷ്‌ക്രിയത്വത്തിനെതിരെ മിഷേലിന്റെ പിതാവ് ഷാജി രംഗത്തെത്തി. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് സ്ഥിരീകരണം കുടുംബം തള്ളി. കുടുംബാംഗങ്ങള്‍ ഇന്ന് അന്വേഷണ സംഘത്തെ കാണുന്നുണ്ട്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആത്മഹത്യയെങ്കില്‍ കാരണം പൊലീസ് വ്യക്തമാക്കണം. സംഭവത്തിന് തൊട്ടു മുമ്പ് വരെ മിഷേല്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെക്കുറിച്ച് അറിയില്ലെന്നും മിഷേലിന്റെ കുടുംബം പറയുന്നു.സംഭവത്തില്‍ ക്രോണിനെക്കുറിച്ച് മകള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. കേസില്‍ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും പിതാവ് ഷാജി പറഞ്ഞു. സംഭവത്തിലെ ദുരൂഹതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിറവത്ത് പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button