
ദുബായ്: വാട്‌സ്ആപ്പും മറ്റ് സാമൂഹ്യമാധ്യമങ്ങളും വഴി എത്തുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തരവകുപ്പ്. മയക്കുമരുന്ന അടക്കമുള്ള നിരോധിത വസ്തുക്കളുടെ വില്‍പ്പന ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങളും കോളുകളും വരുന്നതെന്നും കര്‍ശന ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്ത കാലത്ത് ഇത്തരത്തില്‍ നിരവധി മെസേജുകളും കോളുകളും വന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര നമ്പരുകളില്‍ നിന്നാണ് ഇത്തരം വ്യാജ ഉല്‍പന്നത്തിന്റെ പ്രചാരണ സന്ദേശങ്ങള്‍ അധികവും വന്നിരുന്നത്. ഇതില്‍ ചില സന്ദേശങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ള മയക്കുമരുന്ന് അടക്കമുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്തുകൊണ്ടും അതിനായി പണം അയക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുമാണ് സന്ദേശങ്ങള്‍ എത്തുന്നത്.
അജ്ഞാത സന്ദേശങ്ങളുടെ ഉറവിടം പ്രധാനമായും പാക്കിസ്ഥാനിലാണെന്ന് കണ്ടെത്തിയതായി അഭ്യന്തര മന്ത്രാലയത്തിലെ ആന്റി നാര്‍ക്കോട്ടിക് ഫെഡറല്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സയിദ് അല്‍ സുവൈദി വ്യക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കരുതെന്നും സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സന്ദേശങ്ങളോ കോളുകളോ വന്നാലോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെക്കുറിച്ച് വിവരം കിട്ടിയാലോ 80044 എന്ന നമ്പരില്‍ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments