കോട്ടയം : സുമയുടെ അഭ്യര്‍ത്ഥനയ്ക്ക് ആളുകള്‍ ചെവികൊടുത്തിരുന്നെങ്കില്‍ കളത്തിപ്പടി ഉണ്ണിക്കുന്നേല്‍ വിജയന് (55) എന്ന ടാക്സി ഡ്രൈവര്‍ ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നു. ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ കടയുടെ സമീപം കുഴഞ്ഞുവീണ വിജയനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറാകാതിരുന്നതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ബേക്കറിയിലെ ജീവനക്കാരിയായ സുമ ഓടിയെത്തി കോരിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിജയനെ കാറില്‍ കയറ്റാനായി ഒന്നു സഹായിക്കാന്‍ പോലും ആരും തയാറായില്ല. ആശുപത്രിയിലേക്കുള്ള വഴിമധ്യേ വിജയന് മരിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കോട്ടയം റെയില്‍വേസ്റ്റേഷനിലെ ടാക്സി ഡ്രൈവറായ വിജയന് യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഏറ്റുമാനൂരെത്തിയപ്പോള്‍ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ അയച്ച ശേഷം ഗുളിക വാങ്ങാന്‍ സമീപമുള്ള മെഡിക്കല്‍ സ്റ്റേറില്‍ കയറി. അവിടെ കുഴഞ്ഞുവീണ വിജയനെ ഛര്‍ദ്ദിച്ച് അവശനായെങ്കിലും ചുറ്റും നിന്ന ആരും സഹായത്തിനെത്തിയില്ല. ഇതു കണ്ടാണ് പട്ടിത്താനം തച്ചേല് വീട്ടില്‍ സുമ ഓടിയെത്തി വിജയനെ എഴുന്നേല്‍പ്പിച്ചത്. ഒന്നു താങ്ങിയുയര്‍ത്താന്‍ പോലും അവിടെ കൂടിനിന്നവര്‍ തയാറായില്ലെന്നും സുമ പറയുന്നു. സഹായം അഭ്യര്ത്ഥച്ച സുമയോട് പോലീസിനെ വിളിച്ചിട്ടുണ്ടെന്നായിരുന്നു ഒരാളുടെ മറുപടി.
ആരെങ്കിലും ഒപ്പം വരാന്‍ കേണപേക്ഷിച്ചെങ്കിലും ആരും തയറായില്ല. ഒടുവില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയാണ് കാറില്‍ കയറിയത്. പക്ഷേ, തെള്ളകത്ത് എത്തിയപ്പോഴേക്കും വിജയന് മരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ വിജയന്റെ ഫോണില്‍ കണ്ട നമ്പറുകളില്‍ ചിലതിലേക്കു സും വിളിച്ചു പറഞ്ഞിരുന്നു. വിജയന്റെ മരുമകന് ദിലീപ് മെഡിക്കല്‍ കോളേജില്‍ എത്തിയശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടാണു സുമ മടങ്ങിയത്. ഇന്നലെ വിജയന്റെ സംസ്കാരച്ചടങ്ങിനും സുമയെത്തി. പാറമട തൊഴിലാളിയായ കുട്ടപ്പനാണ് സുമയുടെ ഭര്‍ത്താവ് മൂന്നു മക്കളുണ്ട്.
Post Your Comments