KeralaNews

ശശി തരൂരിനെ പ്രധാനമന്ത്രിയാക്കണം:ഓണ്‍ലൈന്‍ പ്രചാരണവും ഒപ്പുശേഖരണവും

തിരുവനന്തപുരം•തിരുവനന്തപുരം എം.പി ഡോ.ശശി തരൂരിനെ 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ പ്രചാരണവും ഒപ്പുശേഖരണവും. ചെയിഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റിലാണ് ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ പ്രചരണം തകൃതിയായി നടക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മറ്റൊരു ദേശീയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോവുകയാണ്. ഒരു ജനാധിപത്യരാജ്യത്തിന്റെ വിജയത്തിനായി ദീര്‍ഘവീഷണമുള്ള പ്രധാനമന്ത്രിയെയാണ് വേണ്ടത്. ഇങ്ങനെയാണ് അപേക്ഷ ആരംഭിക്കുന്നത്. തുടര്‍ന്ന് ശശി തരൂരിനെക്കുറിച്ചുള്ള ലഘുവിവരണമാണ്. ശശി തരൂരിന്റെ അനുഭവ പരിചയവും യോഗ്യതകളും എണ്ണിപ്പറയുന്നുണ്ട്. ഐക്യരാഷ്ട്ര സഭയിലെ സേവനങ്ങളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്.

30 വര്‍ഷത്തോളം ഐക്യരാഷ്ട്രസഭയില്‍ വിവിധ തസ്തികളില്‍ ജോലി ചെയ്തു. യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വളരെ സ്വീകാര്യത നേടിയ സ്ഥാനാര്‍ഥിയായി. രണ്ട് തവണ തിരുവനന്തപുരം എം.പിയായി. അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ ഇന്ത്യയുടെ ബഹുസ്വര സമൂഹത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ജ്ഞാനം വ്യക്തമാക്കുന്നതാണ്.

ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, മലയാളം എന്നീ ഭാഷകള്‍ അറിയാം. ഐക്യരാഷ്ട്ര സഭയിലെ ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഇന്ത്യയെ സേവിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ബ്രിട്ടനില്‍ ജനിച്ച് അമേരിക്കയില്‍ ദീര്‍ഘനാള്‍ ജോലി ചെയ്ത തരൂരിന് രണ്ട് രാജ്യങ്ങളുടെയും പൗരത്വം ലഭിക്കുമായിരുന്നിട്ടും ഇന്ത്യയ്ക്ക് വേണ്ടി നിരസിച്ചെന്നും അപേക്ഷയില്‍ പറയുന്നു.

എളുപ്പവഴിയിലൂടെ രാജ്യ സഭാ എംപിയാവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. യോഗ്യതയും ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ള ശശി തരൂരിന് ലോകനേതാക്കളുമായി ഇന്ത്യയെ ബന്ധപ്പെടുത്താന്‍ കഴിയുമെന്നും അപേക്ഷയില്‍ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നന്മക്കായും പ്രതിപക്ഷത്തെ പുനരുജ്ജീവിപ്പിക്കാനും എന്ന് പറഞ്ഞാണ് അപേക്ഷ അവസാനിക്കുന്നത്.

പോള്‍ തിരുവനന്തപുരം എന്നയാളാണ് അപേക്ഷ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 6800 ഓളം പേര്‍ ഇതിനോടകം ശശി തരൂരിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ച് ഒപ്പിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button