ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ 2018 ജനുവരി ഒന്ന് മുതല്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പില്‍ വരുമെന്ന് യു.എ.ഇ. ധനമന്ത്രാലയം. ആദ്യഘട്ടമെന്ന നിലയില്‍ നിശ്ചിത വരുമാനമുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. യു.എ.ഇ.യില്‍ ഏതെങ്കിലും ചില മേഖലകളെ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ ഇവയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രാലയ പ്രതിനിധി വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, പുനരുത്പാദന ഊര്‍ജം, ഗതാഗതം, സാങ്കേതികം, ജലം, ബഹിരാകാശ ഗവേഷണം എന്നീ ഏഴ് മേഖലകളെയാണ് പ്രത്യേകം പരിഗണിക്കുകയെന്ന് അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൂരി പറഞ്ഞു. ഏതെങ്കിലും ഒരു മേഖലയെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് ആശയക്കുഴപ്പങ്ങള്‍ക്കും നികുതി ചോര്‍ച്ചയ്ക്കും ഇടയാക്കുമെന്നതിനാലാണിത്. ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ വാറ്റിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ആദ്യവര്‍ഷം 12 ബില്ല്യന്‍ ദിര്‍ഹം വരുമാനമാണ് നികുതിയിനത്തില്‍ പ്രതീക്ഷിക്കുന്നത്. 2015ലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.9 ശതമാനം വരുമിത്.
സാമ്പത്തിക വളര്‍ച്ച നേടുന്നതിന് അനുസൃതമായി നികുതിയില്‍ നിന്നുള്ള വരുമാനവും കൂടും. എങ്കിലും നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഉയര്‍ത്താനുള്ള സാധ്യത വിരളമാണ്. സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് സൂക്ഷ്മമായി പഠിച്ചതിന് ശേഷംമാത്രമേ ഇക്കാര്യം ആലോചിക്കാനാകൂ-അല്‍ ഖൂരി ചൂണ്ടിക്കാട്ടി.
Post Your Comments