NewsGulf

വിദേശികളും സ്വദേശികളും ഒരുപോലെ പരിഗണിക്കപ്പെടാത്ത വംശീയ നീക്കത്തിനെതിരേ കുവൈറ്റ് ഡോക്ടര്‍മാര്‍ രംഗത്ത്‌

കുവൈറ്റ്: രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കാനായി വിവാദ നിര്‍ദേശവുമായി കുവൈറ്റ് എംപി. പ്രവാസികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സൗജന്യ മരുന്ന് നിര്‍ത്തി പകരം പണം കൊടുത്താല്‍ മാത്രം മരുന്ന എന്ന ആശയം മുന്നോട്ടു വച്ചത് വനിതാ എംപിയായ സഫാ അല്‍ ഹാഷിം ആണ്. എന്നാല്‍ രോഗികളെ സ്വദേശീയരും വിദേശീയരുമെന്ന് തരം തിരിയ്ക്കാനുള്ള വിവാദ നിര്‍ദേശം കുവൈറ്റിലെ ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

പരിശോധനയ്ക്ക് വരുമ്പോള്‍ സൗജന്യമായാണ് ഇപ്പോള്‍ മരുന്ന് നല്‍കുന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് നല്‍കേണ്ടെന്നും പകരം മരുന്ന് കുറിച്ചു നല്‍കി സ്വകാര്യ ഫാര്‍മസികളില്‍ നിന്ന് മരുന്ന് വാങ്ങിപ്പിക്കണമെന്നുമായിരുന്നു സഫാ അല്‍ ഹാഷിമിന്റെ നിര്‍ദേശം. ഇതുവഴി പ്രവാസികളുടെ ചെലവ് വര്‍ധിപ്പിക്കാമെന്നും ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് വഴി അവര്‍ രാജ്യത്ത് നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നുമായിരുന്നു വിവാദ നിര്‍ദേശം. നിലവില്‍ കുവൈറ്റില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മരുന്ന് സൗജന്യമാണെങ്കിലും വിദേശികള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകുന്നതിനായി രണ്ട് കുവൈറ്റ് ദിനാര്‍ പരിശോധനാഫീസായി നല്‍കുന്നുണ്ട്. ഈ സമ്പ്രദായം അടിമുടി പരിഷ്‌കരിച്ച് വിദേശികള്‍ക്ക് സൗജന്യ മരുന്നുകള്‍ നല്‍കുന്നത് നിര്‍ത്താലാക്കാനായിരുന്നു സഫാ അല്‍ ഹാഷിമിന്റെ നിര്‍ദേശം.

കുവൈറ്റിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നും വിദേശികളാണ്. ഇതില്‍ തന്നെ അധികംപേരും ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യക്കാരാണ്. രാജ്യത്ത് ഉയര്‍ന്നുവരുന്ന നിര്‍മാണ മേഖലയിലാണ് വിദേശികള്‍ പ്രധാനമായും തൊഴില്‍ ചെയ്യുന്നത്.

shortlink

Post Your Comments


Back to top button