ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബി.ജെ.പി വിജയത്തോടടുക്കുന്നു. 5,49,442 വോട്ടാണ് വിജയലക്ഷ്യം.നിലവിൽ 5,49,442 വോട്ടിൽ നിന്ന് 17,403 വോട്ടു മാത്രം അകലെയാണ് എൻ.ഡി.എ. ഇലക്ടറൽ കോളജിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് എൻഡിഎയ്ക്ക് 5,32,039 വോട്ടുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലെയും എം.പിമാരും വിവിധ സംസ്ഥാന നിയമസഭകളിലെ എംഎൽഎമാരും ചേർന്നതാണ് ഇലക്ടറൽ കോളേജ്.
പ്രതിപക്ഷം സംയുക്ത സ്ഥാനാർഥിയെ നിർത്തുന്ന സാഹചര്യത്തിൽ മാത്രമേ ഭരണകക്ഷിക്കു വെല്ലുവിളിയുണ്ടാകൂ. 413യാണ് പാർലമെന്റിൽ എൻഡിഎയുടെ അംഗബലം. എംപിയുടെ വോട്ടുമൂല്യം 708 എന്ന കണക്കനുസരിച്ചു പാർലമെന്റിൽനിന്നു കിട്ടാവുന്ന വോട്ട് 2,92,404 ആണ്. എൻഡിഎ എംഎൽഎമാർക്ക് 2,39,635 വോട്ടുണ്ട്. യുപിയിൽ കഴിഞ്ഞതവണത്തെ 42 എംഎൽഎമാരിൽനിന്നാണു ബിജെപി 324 യിൽ എത്തിയത്. യുപി എംഎൽഎയുടെ വോട്ടുമൂല്യമായ 208 വച്ചു കണക്കാക്കുമ്പോൾ അവിടെനിന്നു മാത്രം അധികം കിട്ടുന്നത് 58,656 വോട്ടാണ്.
ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി പിടിച്ചെടുത്ത അധിക സീറ്റുകളും അധിക വോട്ടു മൂല്യവും കണക്കിലെടുക്കുമ്പോൾ പഞ്ചാബിലും ഗോവയിലുമേറ്റ തിരിച്ചടി നിസ്സാരമാണ്. 62,528 വോട്ടു കൂടുതൽ നേടിയപ്പോൾ നഷ്ടപ്പെട്ടത് 5,830 വോട്ടു മാത്രം. സ്വന്തം രാഷ്ട്രപതി സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കാൻ വേണ്ട അധിക വോട്ടു നേടാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണു ബിജെപിയുടെ ആത്മവിശ്വാസം. പ്രതിപക്ഷം സംയുക്ത സ്ഥാനാർഥിയെ നിർത്തിയാൽപോലും വേണ്ടത്ര വോട്ടുമൂല്യമുള്ള പ്രാദേശിക കക്ഷികളെ പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും കൂടെക്കൂട്ടുന്നതിൽ ഭരണകക്ഷി വിജയിച്ചേക്കും.
നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയാരെന്ന ചോദ്യം സജീവമാകുന്നു. ബാബ്റി മസ്ജിദ് കേസ് വീണ്ടും തലപൊക്കിയതോടെ എൽ.കെ.അഡ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും സാധ്യത ഏറെക്കുറെ ഇല്ലാതായി. ആർഎസ്എസിനും ബിജെപിക്കും സമ്മതയായ സ്പീക്കർ സുമിത്ര മഹാജൻ പാർലമെന്റിൽനിന്നു രാഷ്ട്രപതിഭവനിലേക്കു ചുവടുവച്ചുകൂടെന്നില്ല. നഗരവികസന മന്ത്രി എം.വെങ്കയ്യ നായിഡുവും സാധ്യതാ പട്ടികയിലുണ്ട്.
Post Your Comments