Parayathe Vayya

ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍

ഇതിഹാസങ്ങള്‍ പിറവിയെടുക്കുമ്പോഴാണ് ചരിത്രത്താളുകള്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്നത്. പക്ഷേ, ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരു ഇതിഹാസത്തിന്റെ പിറവിയാണ് ഇന്ന് ഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. അതൊരു നിയോഗമായിരുന്നെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ ഭാരതീയര്‍ക്കിഷ്ടം. ഋഗ്വേദത്തില്‍ പറയുന്നതുപോലെ, ”യദാ യദാഹി ധര്‍മ്മസ്യ ഗ്‌ളാനിര്‍ ഭവതി ഭരതാ- അഭ്യുത്ഥാന മദര്‍മ്മസ്യ താദാത്മനം സുജാമഹ്യം” -നിയമ ലംഘനങ്ങള്‍ മൂലം മനുഷ്യരുടെ ഇടയില്‍ നീതി ഇല്ലാതായപ്പോള്‍, അധര്‍മ്മം പെരുകിയപ്പോള്‍ ഈശ്വരന്‍ മനുഷ്യനായി അവതരിച്ചു എന്നര്‍ത്ഥം. അതേപോലെ, അധാര്‍മ്മികയുടെ അഗാധമായ ആഴങ്ങളിലേക്ക് ആധുനിക ഭാരതം അധപതിച്ചപ്പോള്‍ രക്ഷകനായി അവതരിച്ച ‘ദൈവം’ ആണ് നരേന്ദ്ര മോദി എന്ന സാധാരണ മനുഷ്യന്‍! ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബുദ്ധി ജീവികളായ മലയാളികള്‍ക്ക് മനസിലാക്കി തരുന്നത് ചില യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്.

കേരളത്തിലെ മാധ്യമങ്ങള്‍ മാസങ്ങളോളം ആഘോഷിച്ച മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അതിനപ്പുറം ‘മോഡി വിരുദ്ധത’ എന്ന കേരളത്തിന്റെ അലിഖിത വ്യവസ്ഥയേയും മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്നതിന്റെ നേര്‍ ചിത്രം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ‘നോട്ട് നിരോധനം ‘ എന്ന സാമ്പത്തിക പരിഷ്‌ക്കരണത്തെ ലോക രാജ്യങ്ങള്‍ പോലും വാഴ്ത്തിപ്പാടിയപ്പോള്‍ ഏറ്റവും അധികം എതിര്‍പ്പ് ഉയര്‍ന്നത് കേരളത്തില്‍ നിന്നാണ്. സാമ്പത്തിക ശാസ്ത്രത്തിലെ വിചക്ഷണനെന്ന് പുകള്‍ കൊള്ളുന്ന ധനമന്ത്രി തന്നെയാണ് അതിനെതിരെ സാക്ഷര കേരളത്തിലെ പട നയിച്ചത്. (ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയാത്ത സാമ്പത്തിക വിദഗ്ദ്ധനാണ് ഐസക് എന്ന ധനമന്ത്രി). പോരാത്തതിന് സാസ്‌കാരിക നായകനായ എംടിയുടെ ‘തിരുമൊഴികള്‍’ , അലന്‍സിയറുടെ ‘ആഭാസ നാടകം ‘. ആ ആഭാസ നാടകത്തെ നെഞ്ചിലേറ്റിയ ബുദ്ധി ജീവികള്‍… പുസ്തകം കത്തിക്കല്‍, കാച്ചില് പുഴുങ്ങല്‍, ശവപ്പെട്ടി അങ്ങനെ പലതും കേരളം കണ്ടു. റോഡ് മുറിച്ചു കടന്നപ്പോള്‍ വാഹനം ഇടിച്ച് ആള്‍ മരിച്ച സംഭവത്തെ ‘ബാങ്കില്‍ വരി നില്‍ക്കാന്‍ പോകുമ്പോഴെന്ന് ‘ മാറ്റി എഴുതാന്‍ തക്ക ബൗദ്ധിക ബോധം ഉള്ളവരായിരുന്നു മലയാളത്തിലെ ‘മ’ പ്രസിദ്ധീകരണങ്ങള്‍. അതാണ് നമ്മുടെ ബുദ്ധി!

മഹാരാഷ്ട്ര യില്‍ ബീഫ് നിരോധിച്ചപ്പോള്‍ കേരളത്തില്‍ ‘ബീഫ് ഫെസ്റ്റ് ‘ നടത്തിയ പുരോഗമന വാദികളാണ് കേരളത്തിലെ യുവജന പ്രസ്ഥാനങ്ങള്‍. പക്ഷേ , അവിടെയും മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട് , നിങ്ങള്‍ ആഘോഷിച്ച ‘ബീഫ് കൊല’ നടന്ന ദാദ്രിയിലും ജനങ്ങള്‍ തെരഞ്ഞെടുത്തത് ബിജെപിയാണ്. സത്യത്തില്‍ ഒരു കണ്ണില്ലാത്തവനെ രണ്ട് കണ്ണുകളും നഷ്ടപ്പെട്ടവന്‍ വഴി നടത്തുന്ന അപൂര്‍വ്വതയാണ് യുപി ഫലം കാണുമ്പോള്‍ ആദ്യം തോന്നുന്നത്. കാരണം, കവലകള്‍ തോറും ബാങ്കുകളും എടിഎമ്മുകളും ഉള്ള കേരളത്തില്‍, വരി നിന്ന് മോദിയെ തെറി പറഞ്ഞ പ്രബുദ്ധ ജനത തങ്ങളുടെ നൂറിരട്ടി കഷ്ടപ്പാട് അനുഭവിക്കുന്നവരെ കണ്ടില്ല. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു. കിലോമീറ്ററുകള്‍ കാല്‍ നടയായി നടന്ന്, മണിക്കൂറുകള്‍ എടിഎമ്മുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന ഉത്തര്‍ പ്രദേശുകാര്‍ തങ്ങളുടെ യാതനകളെ രാജ്യനന്മക്ക് വേണ്ടി ‘ബോധപൂര്‍വ്വം’ മറന്നു. ബിവറേജിന്റെ മുന്നില്‍ മണിക്കൂറുകള്‍ വരി നില്‍ക്കുന്ന മലയാളിക്ക് അതിന്റെ നാലിലൊന്ന് സമയം എടിഎമ്മിന് മുമ്പില്‍ ക്യൂ നിന്നപ്പോള്‍ പൗരബോധം ഉണര്‍ന്നു. വികാരത്താല്‍ ധമനികള്‍ പോലും വരിഞ്ഞ് മുറുകി. അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ എന്തിനേയും അന്ധമായി എതിര്‍ക്കുന്ന മലയാളികള്‍ക്ക് ആ പാവങ്ങളെ നോക്കി പഠിക്കാന്‍ ഏറെയുണ്ട്. സാക്ഷരത എന്നത് വിവേകത്തിന്റെ അടിസ്ഥാനമല്ല, മറിച്ച് വിവരക്കേടിന്റെ മൊത്തക്കച്ചവടമാണ് ഇന്ന് മലയാളികള്‍ക്ക്. അതിന്റെ നിദാനമാണ് എന്തിനും ഏതിനും ആദ്യം തന്നെ വര്‍ഗീയതയുടെ ധ്വനി ഉയര്‍ത്തുന്നത്. കേരളത്തില്‍ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ട ഒരാളെ പട്ടി കടിച്ചാലും അതിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയും ആണെന്ന് പറയുന്നതാണ് ഈ നാട്ടിലെ പൊതുബോധം. അതുവഴി അവര്‍ ഉന്നമാക്കുന്നത് തന്നെ വിഭാഗീയത സൃഷ്ടിക്കലാണ്. സമാധാനം നഷ്ടപ്പെടുത്തുകയാണ്. എല്ലാം ഡല്‍ഹിയിലുള്ള മോഡിക്ക് എതിരെ ആണെന്ന് ഓര്‍ക്കുമ്പോഴാണ് ഒരാശ്വാസം !

പഴയകാല അമ്മായിഅമ്മ പോര് പോലും ഇതിലും എത്രയോ ഭേദമാണ്. ഇത്തരക്കാര്‍ മനസിലാക്കേണ്ടത് ഉത്തര്‍ പ്രദേശില്‍ ബിജെപി നേടിയ നാല്പതില്‍ അധികം സീറ്റുകള്‍ മുസ്ലീം കോട്ടകളില്‍ നിന്നാണ് എന്ന സത്യമാണ്. എന്തേ അവിടെയും ഇവിടെയും ഇങ്ങനെ? ഉത്തരേന്ത്യയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും മോദിക്ക് എതിരെയുള്ള ആയുധമാക്കുന്ന നിങ്ങള്‍ ഒരു കാര്യം തിരിച്ചറിഞ്ഞേ പറ്റൂ… നിങ്ങളെ പോലെയല്ല എല്ലാവരും. ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം ഉള്ളവരാണ് മറ്റുള്ളവര്‍. അല്ലാതെ മൗഡ്യത അലങ്കാരമായി കൊണ്ടു നടക്കുന്നവരല്ല. സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന മലയാളികളുടെ വിവരക്കേടും നിരക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന ഉത്തരേന്ത്യക്കാരുടെ തിരിച്ചറിവും തമ്മില്‍ ഏറെ അന്തരം ഉണ്ട്. അതിന്റെ പ്രകടമായ തെളിവാണ് പതിനാല് വര്‍ഷത്തിന് അപ്പുറമുള്ള ബിജെപി യുടെ ഈ വിജയം. എല്ലാവരും സ്വന്തം ഭാവി സുരക്ഷിതമാക്കുമ്പോള്‍ കേരളം ചിന്തിക്കുന്നത് മറിച്ചാണ്. ”മോന്‍ ചത്താലും വേണ്ടില്ല, മരുമോളുടെ കണ്ണീര് കണ്ടേ തീരൂ”. ഈ സമീപനം ആദ്യം മാറ്റണം. അതോടുകൂടി എല്ലാം ശരിയാകും. അതിനുള്ള തുടക്കമായി ഈ പ്രഹരം മാറട്ടേ….

shortlink

Related Articles

Post Your Comments

Related Articles


Back to top button