ന്യൂഡല്‍ഹി : ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട ഭക്ഷ്യധാന്യം കേരളത്തിന് നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ കേന്ദ്രഭക്ഷ്യ, പൊതുവിതരണസഹമന്ത്രി സി.ആര്‍.ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള മൂന്നുവര്‍ഷം അരിവിഹിതം എടുക്കുന്നതിലെ തോത് നിലനിര്‍ത്തുന്നതിനായി കേരളത്തിന് അധികവിഹിതവും നല്‍കുന്നുണ്ടെന്ന് മന്ത്രി സി.ആര്‍.ചൗധരി പറഞ്ഞു. എല്ലാസംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് ഭക്ഷ്യധാന്യം അനുവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2013ലെ ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്ന തരത്തില്‍ ഭക്ഷ്യഭദ്രതനിയമപ്രകാരമുള്ള ഭക്ഷ്യധാന്യം സംസ്ഥാനത്തിന് ലഭ്യമാക്കുന്നുണ്ട്. കേരളത്തിലുള്ള വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Post Your Comments