കണ്ണൂര്‍: കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ 12 വയസുകാരി ഹിന്ദിയില്‍ എഴുതിയ പ്ലക്കാര്‍ഡിലൂടെ അക്രമരാഷ്ട്രീയത്തിന് എതിരെ ശബ്ദമുയര്‍ത്തുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ യഥാര്‍ത്ഥ ഇരകള്‍ കൊല്ലപ്പെട്ടവരുടെ ജീവിച്ചിരിക്കുന്ന ഉറ്റവരും ഉടയവരുമാണെന്ന് തിരിച്ചറിവ് സൃഷ്ടിക്കുകയാണ് ഈ 12 വയസ്സുകാരിയുടെ വീഡിയോ.
തന്റെ പേര് വിസ്മയ, 12 വയസ്സ് പ്രായം. കണ്ണൂര്‍ സ്വദേശി കടമ്പൂര്‍ എച്ച്എസ്എസിലെ എട്ടാം ക്‌ളാസ്സ് വിദ്യാര്‍ത്ഥി എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. അക്രമ രാഷ്ട്രീയത്തിനെതിരേ എഴുതിയ പ്‌ളക്കാര്‍ഡും പിടിച്ച് രാഷ്ട്രീയ കൊലപാതകം ഒറ്റ രാത്രി കൊണ്ട് തങ്ങളെ ഇരുട്ടിലാഴ്ത്തിയെന്ന് വിസ്മയ പറയുന്നു. എന്തിനാണ് തന്റെ അച്ഛനെ അവര്‍ കൊന്നതെന്നും ഞങ്ങളുടെ ചോരയും കണ്ണീരും അവര്‍ക്ക് സന്തോഷം തരുന്നുണ്ടോയെന്നും ചോദിച്ചുകൊണ്ടാണ് വിസ്മയയുടെ വീഡിയോ അവസാനിക്കുന്നത്.
തന്റെ ആഗ്രഹം ഐപിഎസ് ഓഫീസറാകണമെന്നാണ്. ആഗ്രഹം സഫലീകരിക്കാന്‍ പിതാവ് വളരെയധികം ശ്രമിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ സ്വപ്നങ്ങളും ഒറ്റരാത്രി കൊണ്ട് അവസാനിച്ചു. ആര്‍എസ്എസിനെയും ബിജെപിയെയും പിന്തുണച്ചു എന്ന തെറ്റ് മാത്രമാണ് അച്ഛന്‍ ചെയ്തത്. ഇന്ന് എന്റെ ഭാവി ഇരുട്ടിലാണ്. ഒരു കുടുംബത്തെ മുഴുവനാണ് അവര്‍ കൊന്നതെന്നും സ്വപ്നങ്ങളും ഭാവിയും വൃദ്ധയായ മുത്തശ്ശിയെയും ഞങ്ങളുടെ ഭക്ഷണവും വെള്ളവുമെല്ലാമാണെന്ന് വിസ്മയ പറയുന്നു. അവര്‍ എന്തിനാണ് എന്റെ അച്ഛനെ കൊന്നതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
Post Your Comments