പാലക്കാട്•14 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അതേസ്ഥലത്ത് ഒന്‍പത് വയസുകാരിയായ അനുജത്തിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചിക്കോട് അട്ടപ്പള്ളം ശെല്‍വപുരത്ത് ഷാജി-ഭാഗ്യവതി ദമ്പതികളുടെ മകളായ ശരണ്യയാണ് മരിച്ചത്. ഒന്നരമാസം മുന്‍പ് ഇവരുടെ മൂത്ത മകള്‍ കൃതികയുടെ മൃതദേഹം ഇതേസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് സഹോദരിമാരും സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഇരുവരുടെയും മരണത്തിലുള്ള ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അട്ടപ്പള്ളം ജി.യു.പി. സ്‌കൂളിലെ നാലാംക്ളാസ്സ് വിദ്യാര്‍ഥിനിയായിരുന്നു ശരണ്യ. കൃതിക കഞ്ചിക്കോട് ജി.എച്ച്.എസില്‍ ഒമ്പതാംക്ളാസ്സ് വിദ്യാര്‍ഥിനിയായിരുന്നു.
ഭാഗ്യവതിയുടെ ആദ്യവിവാഹത്തിലെ മകളായിരുന്നു കൃതിക. കൃതികയുടെ മരണം സംഭവിച്ച അന്ന് വൈകിട്ട് ആടുകളെ തീറ്റാന്‍ പോയി മടങ്ങിവരുമ്പോള്‍ വീട്ടില്‍നിന്ന് കറുത്ത വസ്ത്രമണിഞ്ഞ രണ്ടു പേര്‍ പോകുന്നത് കണ്ടതായും ദൂരെ നിന്നായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ശരണ്യ മൊഴി നല്‍കിയിരുന്നു. അതേദിവസം വെകിട്ട് മൂന്നോടെ തല മൊട്ടയടിച്ച ഒരാള്‍ വീട്ടില്‍ നിന്നു പോകുന്നത് കണ്ടതായി സമീപവാസിയായ സ്ത്രീയും മൊഴി നല്‍കിയിരുന്നു. അത് ഭാഗ്യവതിയുടെ ബന്ധുവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അയാള്‍ വീട്ടില്‍ നിന്നു വെള്ളംകുടിച്ച് പോയതാണെന്നും മരണവുമായി ബന്ധമില്ലെന്നും കണ്ട് വിട്ടയച്ചതായി വാളയാര്‍ എസ്.ഐ: പി.സി. ചാക്കോ പറഞ്ഞു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫോറന്‍സിക് സര്‍ജന്‍ ഡോ: പി.ബി. ഗുജറാള്‍ നേരിട്ടെത്തി തെളിവെടുത്തു. തൃശൂരില്‍ നിന്നെത്തിയ സയിന്റിഫിക് അസിസ്റ്റന്റ് റിനി തോമസ് ശാസ്ത്രീയ തെളിവുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. അസ്വാഭാവിക മരണത്തിനാണു വാളയാര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
കുട്ടികളെ ആരെങ്കിലും ഉപദ്രവിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാജിയുടെ സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജനുവരി 12 നാണ് കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജേഷ്ടത്തിയുടെ മരണം നടന്ന് 52 ാം ദിവസം അനുജത്തിയേയും അതേസ്ഥലത്ത് സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
Post Your Comments