പാലക്കാട്: വാളയാറിന് സമീപം ഒന്നരമാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ലൈംഗികപീഡനം സംശയിക്കുന്നതായി പോലീസ് സൂചന നല്‍കി. ഒന്നരമാസത്തിന് മുന്‍പാണ് അട്ടപ്പള്ളം ഭാഗ്യവതിയുടെ 14 വയസുകാരിയായ തൃപ്തിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതിന് പിന്നാലെയാണ് ഇളയസഹോദരിയും ഒമ്പതുവയസുകാരിയുമായ ശരണ്യയേയും സമാനമായ രീതിയില്‍ വീട്ടില്‍ രണ്ടുദിവസം മുന്‍പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഇരുകുട്ടികളുടെയും മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതിനു പിന്നാലെയാണ് ലൈംഗിക പീഡനത്തെക്കുറിച്ച് പോലീസ് സൂചന നല്‍കിയത്. മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റുമോര്‍ട്ടത്തിലും മൃതദേഹ പരിശോധനയിലും സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇളയകുട്ടിയുടെ കാര്യത്തിലും ഇത്തരത്തില്‍ സംശയിക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ചുള്ളിമടയ്ക്കടുത്ത് അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടിലാണ് ഭാഗ്യവതിയും കുടുംബവും കഴിയുന്നത്. ഭാഗ്യവതിയുടെ ആദ്യഭര്‍ത്താവിലുള്ള മകളാണ് 14 വയസുകാരിയായ തൃപ്തി. രണ്ടാമത്തെ ഭര്‍ത്താവിനൊപ്പമാണ് ഭാഗ്യവതി ഇപ്പോള്‍ താമസിക്കുന്നത്. ഈ ബന്ധത്തിലുള്ളതാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒമ്പതുവയസുകാരി ശരണ്യ. ഈ കുട്ടിയെ കൂടാതെ ഏഴുവയസുള്ള ഒരു ആണ്‍കുട്ടിയും ഈ ദമ്പതികള്‍ക്കുണ്ട്. വാര്‍ക്കപ്പണിക്കാരായ ഭാഗ്യവതിയും ഭര്‍ത്താവും പണിക്കുപോയിരുന്ന സമയത്താണ് വീട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ഭാഗ്യവതിയുടെ പ്രായമായ അമ്മയും ആണ്‍കുട്ടിയും പുറത്ത് ആടുകളെ തീറ്റിയ്ക്കാനായി പോയ സമയത്താണ് സംഭവം. വൈകുന്നേരം വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്.
സമാനമായ സാഹചര്യത്തില്‍ തന്നെയായിരുന്നു മൂത്തകുട്ടിയെയും മരിച്ച നിലയില്‍ കണ്ടത്. മൂത്ത സഹോദരി മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത് കഴിഞ്ഞദിവസം മരിച്ച ശരണ്യയാണ്. ഈ സംഭവം കുട്ടിയെ മാനസികമായി ഉലച്ചിരുന്നു. കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കണമെന്ന് പലരും നിര്‍ദേശിച്ചങ്കിലും വീട്ടുകാര് ഗൗരവമായി കണ്ടില്ല. ചേച്ചി മരിച്ച സമയത്ത് ഒരാള്‍ വീട്ടില്‍ നിന്ന് മുഖം തുവാല കൊണ്ട് മറച്ച് പുറത്തേക്ക് പോകുന്നത് കണ്ടതായി ശരണ്യ മൊഴി നല്‍കിയിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണമൊന്നും നടന്നിരുന്നില്ല. ഇതിനു പിന്നാലെയാണ് സമാനമായ സാഹചര്യത്തില്‍ ഇളയ കുട്ടിയെ മരിച്ച നിലയില്‍ കാണുന്നത്. അട്ടംപള്ളം എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശരണ്യ.
എഎസ്പി പൂങ്കുഴലി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു.
Post Your Comments